Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹനസമരം തുടരും, തടഞ്ഞാല്‍ എന്തുചെയ്യണമെന്ന് ഭക്തര്‍ക്കറിയാം: ശ്രീധരന്‍ പിള്ള

P.S. Sreedharan Pillai

ആലപ്പുഴ∙ ശബരിമലയില്‍ യുവതീപ്രവേശം തടയാന്‍ സഹനസമരം തുടരുമെന്നു ബിജെപി സംസ്ഥാന പ്രസി‍ഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. തടഞ്ഞാല്‍ എന്തുചെയ്യണമെന്നു ഭക്തര്‍ക്കറിയാം. സാംസ്കാരികപ്രവര്‍ത്തകരുടെ മൗനം കുറ്റകരമാണ്. മതപരമായ ആചാരങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നു പറഞ്ഞിട്ടുള്ള സിപിഎമ്മിന്റെ തെറ്റുതിരുത്തൽ പ്രമേയം പ്രവർത്തകർ വലിച്ചെറിഞ്ഞില്ലേ. 50 കൊല്ലമായി എകെജിയും നായനാരും ഉൾപ്പെടെയുളള ഭൗതികവാദികൾ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും പരാജയപ്പെടുമെന്നുറപ്പാണ്. ആ പരാജയത്തിൽനിന്നായിരിക്കും തങ്ങൾ ഉയരത്തിലേക്കു പോകുക. അടിയന്തരാവസ്ഥക്കാലത്തേതു പോലെ ശാന്തമായ സമരത്തിനാണു തങ്ങൾ ആഗ്രഹിക്കുന്നത്.

സിപിഎം പാർട്ടി കോൺഗ്രസിന്റെ തെറ്റുതിരുത്തൽ പ്രമേയത്തിനു പ്രവർത്തകർ പുല്ലുവിലയാണു നൽകിയത്. അതുകൊണ്ടാണു പ്രവർത്തകർ ഇന്ന് ആരാധനാലയങ്ങളിൽ പോകുന്നത്. ഇതിനുത്തരം പറയാൻ കോടിയേരിയോടും പിണറായിയോടും അഭ്യർഥിക്കുന്നു. സിപിഎം പ്രസിദ്ധീകരിച്ച പാർട്ടി കോൺഗ്രസ് രേഖകൾ ഉയർത്തിക്കാട്ടിയായിരുന്നു ശ്രീധരൻപിള്ളയുടെ ചോദ്യം. ‌

ഭക്തരിൽ ആവാഹിച്ചിട്ടുള്ളത് അയ്യപ്പ ചൈതന്യമാണ്. ആ അയ്യപ്പചൈതന്യത്തിനു പ്രതികരിക്കാനറിയാം. പരിഹാരം കാണും വരെ സമരം തുടരും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ഔദാര്യം കൊണ്ടു മാത്രമാണ് സിപിഎം ഇന്നു ദേശീയകക്ഷിയായി നിൽക്കുന്നത്. അയ്യപ്പനോടു കളിച്ചാൽ ദേശീയ പാർട്ടിയെന്ന അംഗീകാരം പോലും കിട്ടാതെ വലിച്ചെറിയപ്പെടുമെന്നും ആലപ്പുഴയിൽ ശ്രീധരൻ പിള്ള മാധ്യമങ്ങളോടു പറഞ്ഞു.