Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല നട അടച്ചു; മണ്ഡലകാല തീർഥാടനത്തിന് ഒരുങ്ങി അയ്യപ്പ ഭക്തർ

sabarimala-temple-closing ശബരിമല സന്നിധാനത്തുനിന്നു മടങ്ങുന്ന ഭക്തർ. ചിത്രം: നിഖിൽ രാജ്

ചിത്തിര ആട്ടത്തിരുനാൾ പൂജകൾ പൂർത്തിയാക്കി, ഹരിവരാസനം പാടി ശബരിമല നട അടച്ചു. മുൻവർഷങ്ങളേക്കാൾ മൂന്നിരട്ടിയിലധികം ഭക്തരാണ് ഇത്തവണ എത്തിയത്. പൊലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു ശബരിമലയും പരിസരങ്ങളും. യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊഴിവാക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. നട തുറന്ന തിങ്കളാഴ്ച ചേർത്തല സ്വദേശിയായ യുവതി ഭർത്താവിനും മക്കൾക്കുമൊപ്പം എത്തിയെങ്കിലും മല കയറാനുള്ള തീരുമാനം ഉപേക്ഷിച്ചു മടങ്ങി. ചൊവ്വാഴ്ച തൃശൂർ സ്വദേശിയായ സ്ത്രീയുടെ പ്രായം സംബന്ധിച്ചും ആശയക്കുഴപ്പമുണ്ടായി. മകന്റെ കുട്ടിയുടെ ചോറൂണിനെത്തിയ ഇവർക്കു 50നു മുകളിൽ പ്രായമുണ്ടെന്നു മനസ്സിലായതോടെ ഭക്തർ ദർശനത്തിനു സൗകര്യമേർപ്പെടുത്തി. മണ്ഡലകാല തീർഥാടനത്തിനായി 16ന് നട തുറക്കും.

ശബരിമലയിൽ ദേവസ്വം ബോർഡ് അംഗവും ആർഎസ്എസ് നേതാവും ആചാരലംഘനം നടത്തിയെന്ന ആക്ഷേപങ്ങൾക്കിടെ പ്രതികരണവുമായി ശബരിമല തന്ത്രി രംഗത്തെത്തി. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടുന്നത് ആചാരലംഘനമാണെന്നു തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. പന്തളം രാജകുടുംബത്തിനും തന്ത്രിക്കും മേൽശാന്തിക്കും മാത്രമാണ് ഇരുമുടിക്കെട്ടില്ലാതെ കയറാൻ അനുവാദമുള്ളതെന്നും തന്ത്രി വ്യക്തമാക്കി. ‌ആർഎസ്എസ് നേതാവ് വൽ‌സൻ തില്ലങ്കേരിക്കു പിന്നാലെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയതു ചർച്ചയായിരുന്നു. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാംപടി കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇരുവർക്കുമെതിരെ നടപടി വേണമെന്ന് ഭക്തരും സംഘടനകളും ആവശ്യപ്പെട്ടു. ശബരിമലയുടെ പവിത്രത നിലനിർത്താൻ ബിജെപിക്കു ഉദ്ദേശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. സംഘപരിവാര്‍ നേതാക്കള്‍പോലും സന്നിധാനത്ത് ആചാരം പാലിക്കുന്നില്ല. സംഘര്‍ഷം മാത്രമാണു ചിലരുടെ ലക്ഷ്യം. കേരളത്തിലെ വിശ്വാസികളെ കയ്യിലാക്കാമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലൈവ് അപ്ഡേറ്റ്സില്‍ അറിയാം...

LIVE UPDATES
SHOW MORE