Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃത്തിയില്ല, ദുർഗന്ധവും; ചെന്നൈ– തിരുവനന്തപുരം മെയിൽ യാത്ര നരകതുല്യം

Chennai-Thiruvananthapuram-Mail ചെന്നൈ– തിരുവനന്തപുരം മെയിൽ

കൊച്ചി∙ വൃത്തിയില്ലാത്ത ചെന്നൈ– തിരുവനന്തപുരം മെയിലിലെ യാത്ര നരകതുല്യമെന്നു പരാതി. കോച്ചുകൾ കഴുകാത്തതു മൂലം മെയിലിലെ യാത്ര ദുരിതമാണ്. ഒരു വർ‍ഷമായി മഴ കനിഞ്ഞാൽ മാത്രമാണു കോച്ചുകൾ വൃത്തിയാകുന്നത്. 2017 ഫെബ്രുവരി മുതൽ ചെന്നൈ മെയിലിന്റെ അറ്റകുറ്റപ്പണി കോയമ്പത്തൂർ– ചെന്നൈ ചേരൻ എക്സ്പ്രസുമായുളള റേക്ക് ലിങ്കിനെ തുടർന്നു ചെന്നൈയിൽനിന്നു കോയമ്പത്തൂരിലേക്കു മാറ്റിയിരുന്നു. അന്നു മുതൽ ട്രെയിന്റെ അറ്റകുറ്റപ്പണിയും വൃത്തിയും കുറഞ്ഞുവെന്നാണു പരാതി. സ്ഥിരം യാത്രക്കാർ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

വ‍ൃത്തിയാക്കാത്തതിനാൽ മൂക്കുപൊത്തി ട്രെയിനിൽ പ്രവേശിക്കേണ്ട സ്ഥിതിയാണ്. ബയോ ശുചിമുറികളിൽ പലതും പ്രവർത്തനക്ഷമമല്ല. ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ബയോശുചിമുറികളിൽ നിന്നുളള ദുർഗന്ധമാണു പ്ലാറ്റ്ഫോമിൽ നിറയുന്നത്. വാഷ്‌ബേസിനുകളിലും ചവറ്റുകുട്ടകളിലും മാലിന്യം നിറഞ്ഞ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാണ്. എലിശല്യവും രൂക്ഷമാണ്. പൊടിയും അഴുക്കും കാരണം കോച്ചുകളുടെ പുറംഭാഗത്തു തൊടാനാവില്ല.

കരാറുകാരനും റെയിൽവേയും തമ്മിലുളള പ്രശ്നങ്ങൾ കാരണം സേലം ഡിവിഷനു കീഴിലുളള കോയമ്പത്തൂർ കോച്ചിങ് ഡിപ്പോയിൽ അറ്റകുറ്റപ്പണി പേരിനു മാത്രമാണ്. കേസ് കോടതിയിലായതിനാൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണു റെയിൽവേ. നിയമപ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കുന്നതുവരെ കാത്തിരിക്കാതെ പകരം സംവിധാനം ഏർപ്പെടുത്തി യാത്രക്കാർക്കു വൃത്തിയുളള കോച്ചുകൾ ഉറപ്പാക്കണമെന്നു യാത്രക്കാർ  പറയുന്നു. ആധുനിക എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യാൻ വേണ്ട പരിശീലനവും ഇവിടുത്തെ തൊഴിലാളികൾക്കു നൽകിയിട്ടില്ല.

ചെന്നൈ ഡിവിഷന്റെ കീഴിലുളള ട്രെയിനായതിനാൽ സേലം ഡിവിഷൻ, മെയിലിന്റെ കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അറ്റകുറ്റപ്പണി കോയമ്പത്തൂരിലായതോടെ ചെന്നൈ ഡിവിഷനും കൈവിട്ട സ്ഥിതിയാണ്. സേലം ഡിവിഷനു കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ കഴിയുന്നില്ലെങ്കിൽ റേക്ക് ലിങ്ക് ഒഴിവാക്കി മെയിലിന്റെ അറ്റകുറ്റപ്പണി പഴയ പോലെ ചെന്നൈ ബേസിൻ ബ്രിജിൽ ആക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. ചെന്നൈ ഡിവിഷന്റെ കേരളത്തിലേക്കുളള പ്രധാന സർവീസുകളിലൊന്നാണു തിരുവനന്തപുരം മെയിൽ. എന്നാൽ അർഹമായ പരിഗണന ട്രെയിനിനു ലഭിക്കുന്നില്ല.

related stories