Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ ഭരണ സഖ്യത്തിന് ദീപാവലി വിജയം; ശിവമൊഗ്ഗ സീറ്റിൽ തൃപ്തിപ്പെട്ട് ബിജെപി

Congress members and workers celebrate outside party office in Bengaluru കർണാടക ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതിന്റെ ആഹ്ലാദം പങ്കുവയ്ക്കുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം: എഎൻഐ, ട്വിറ്റർ.

ബെംഗളൂരു∙ കർണാടകയിൽ 3 ലോക്സഭാ, 2 നിയമസഭാ സീറ്റുകളിലായി നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ വിജയം കുറിച്ച് ദൾ- കോൺഗ്രസ് ഭരണസഖ്യം. രാമനഗര (ദൾ), ജമഖണ്ഡി (കോൺ) നിയമസഭാ സീറ്റുകൾ ഭരണസഖ്യത്തിനു ലഭിച്ചപ്പോൾ, ശിവമൊഗ്ഗ ലോക്സഭാ സീറ്റു കൊണ്ടു ബിജെപി തൃപ്തിപ്പെട്ടു. മണ്ഡ്യ,‌ ബെള്ളാരി ലോക്സഭാ സീറ്റുകളിൽ ദളും കോൺഗ്രസും വിജയം കുറിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെള്ളാരി കോൺഗ്രസിന് അടിയറവച്ചെന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ്. ഖനിപ്രഭുക്കന്മാരുടെ ബെള്ളാരിയിൽ 1999ൽ സോണിയാ ഗാന്ധിയ്ക്കും 2000ൽ കോലൂർ ബസവനഗൗഡയ്ക്കും ശേഷം കോൺഗ്രസിനു ലഭിക്കുന്ന വിജയത്തിളക്കം.

ശിവമൊഗ്ഗയിലെ വിജയിയും, ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്. യെഡിയൂരപ്പയുടെ മൂത്തമകനുമായ ബി.വൈ. രാഘവേന്ദ്രയുമായി മുൻ മുഖ്യമന്ത്രി എസ്.ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പ കടുത്ത മൽസരമാണ് കാഴ്ചവച്ചത്. ബിജെപിയുടെ ഉരുക്കുകോട്ടയെന്നു വിലയിരുത്തിയിരുന്ന ശിവമൊഗ്ഗയിൽ യെഡിയൂരപ്പയുടെ മകൻ രാഘവേന്ദ്രയുടെ വിജയം കഷ്ടിച്ച് 40,000 വോട്ടിനാണ്. യെഡിയൂരപ്പ സ്ഥാമൊഴിഞ്ഞ ഇവിടെ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 3.6 ലക്ഷത്തോളമായിരുന്നു. കോൺഗ്രസും ദളും അന്ന് വെവ്വെറെയാണ് മൽസരിച്ചത്. മണ്ഡ്യയിൽ എൽ.ആർ. ശിവരാമെഗൗഡയുടേതും വൻ വിജയമാണ്. 

ബിജെപി സ്ഥാനാർഥി എൽ.ചന്ദ്രശേഖർ പിന്മാറിയ രാമനഗരയിൽ, മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഭാര്യ അനിത 1.05 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ദളിനു വിജയം സമ്മാനിച്ചത്.

പിതാവ് സിദ്ധുന്യാമെ ഗൗഡ കാർ അപകടത്തിൽ മരിച്ചതിനെ തുടർന്ന് ബാഗൽക്കോട്ടിലെ ജമഖണ്ഡിയിൽ കോൺഗ്രസിനായി മൽസരിച്ച ആനന്ദ് ന്യാമെഗൗഡ 39,492 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിയമസഭയിൽ കന്നി പ്രവേശനം നടത്തുന്നത്. കഴിഞ്ഞ തവണ കഷ്ടിച്ച് 2700 വോട്ടിനു കടന്നു കൂടിയ മണ്ഡലം മകൻ നിലനിർത്തിയത് വൻ ഭൂരിപക്ഷത്തിനാണ്. 

ബെള്ളാരി ലോക്സഭാ സീറ്റ് ബിജെപിയിൽനിന്നു കോണ്‍ഗ്രസ് പിടിച്ചെടുത്തു. 1999ൽ സോണിയാ ഗാന്ധി വിജയിച്ച (അന്നത്തെ ബെല്ലാരി) ഈ മണ്ഡലം 2004 മുതൽ ബിജെപിയുടെ കുത്തകയായിരുന്നു. കർണാടക രാഷ്ട്രീയത്തിൽ കൊടികുത്തി വാണ റെ‍ഡ്ഡി സഹോദരൻമാരുടെ (ഖനി ലോബി) തട്ടകമായ ഇവിടെ അവരോ അനുയായികളോ മാത്രമാണു പിന്നീടു വിജയിച്ചത്. റെഡ്ഡിമാരുടെ വലംകൈ ആയ ശ്രീരാമുലു നിയമസഭാംഗമായതിനെ തുടർന്നു രാജിവച്ച ഒഴിവിൽ സഹോദരി ശാന്തയായിരുന്നു ബിജെപി സ്ഥാനാർഥി. രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു കോൺഗ്രസ് തിരിച്ചുപിടിച്ച ഈ മണ്ഡലത്തിന്റെ പരിധിയിലുള്ള നിയമസഭാ സീറ്റുകളിലേറെയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തമാക്കിയിരുന്നു.

നിയമസഭാ സീറ്റ്
∙ രാമനഗര- അനിത കുമാരസ്വാമി (ദൾ- 125043). ബിജെപി-(15906). അനിത കുമാരസ്വാമി വിജയിച്ചു.
∙ ജമഖണ്ഡി- ആനന്ദ് ന്യാമെഗൗഡ (കോൺ- 96968), ശ്രീകാന്ത് കുൽകർണി (ബിജെപി- 57492) ആനന്ദ് വിജയിച്ചു.

ലോക്സഭാ സീറ്റ്
∙ ബെള്ളാരി- വി.എസ് ഉഗ്രപ്പ (കോൺ- 588863 ), ജെ.ശാന്ത (ബിജെപി-360608),
∙ ശിവമൊഗ്ഗ- ബി.വൈ രാഘവേന്ദ്ര (ബിജെപി- 489959), മധു ബംഗാരപ്പ (ദൾ- 442571)
∙ മണ്ഡ്യ- എൽ.ആർ ശിവരാമെഗൗഡ (ദൾ- 494728), ഡോ.സിദ്ധരാമയ്യ (ബിജെപി- 205357)

പ്രതികരണങ്ങൾ

∙ കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം രാജ്യത്തെ മാറുന്ന രാഷ്ട്രീയാന്തരീക്ഷത്തിന്റെ സൂചനയാണെന്നു കോൺഗ്രസ്. ബിജെപിക്കെതിരെ    രാജ്യമൊട്ടാകെ ജനവികാരം ഉയരുകയാണെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

∙ സഖ്യസർക്കാരിന് ജനം അനൂകൂലമായി വോട്ടു ചെയ്തെന്ന് പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടു റാവു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള  ബിജെപി ശ്രമങ്ങൾ ഇക്കുറിയും വിജയം കണ്ടില്ല.

∙ പ്രതീക്ഷിച്ച വിജയമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വര

∙ വിജയപരാജയങ്ങൾ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ ഭാഗമാണ്. വോട്ടർമാർക്കു നന്ദി –മന്ത്രിയും ബെള്ളാരിയിലെ വിജയശിൽപിയുമായ ഡി.കെ ശിവകുമാർ