Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ആർഎസ്എസിന്റെ ബി ടീം; സംഘപരിവാറിന്റെ ‘റിമോട്ട് കൺട്രോളർ’ ആക്കരുത്: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ എല്ലാസുരക്ഷാ സംവിധാനവും ഒരുക്കിയിട്ടും പൊലീസിനെ നോക്കുകുത്തിയാക്കി ആർഎസ്എസ് നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയാണ് ശബരിമലയിൽ കണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസിന്റെ ബി ടീമായിട്ടാണ് പൊലീസ് ശബരിമലയിൽ പ്രവർത്തിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

സേനയുടെ മെഗാഫോൺ ഉപയോഗിച്ചാണ് സംഘപരിവാർ നേതാക്കൾ അഭിസംബോധന ചെയ്യുന്നത്. സംഘപരിവാറും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി കൂടുതൽ വ്യക്തമാവുകയാണ്. 50 വയസ്‌ കഴിഞ്ഞ ഭക്തകൾക്കു നേരേ ആക്രമണം ഉണ്ടായപ്പോൾ ഇടപെടാതെ കയ്യും കെട്ടി മാറിനിൽക്കുകയാണ് പൊലീസ് ചെയ്തത്.

ചരിത്രത്തിൽ ആദ്യമായിട്ടാണു മാധ്യമ പ്രവർത്തകർ ശബരിമലയിൽ ആക്രമിക്കപ്പെടുന്നത്. 144 പ്രഖ്യാപിച്ചതിനാൽ തന്ത്രിയെ കാണാൻ പോലും ആരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് സംഘപരിവാർ നേതാക്കളെ ശബരിമലയിൽ തങ്ങാൻ സർക്കാർ അനുവദിക്കുന്നതെന്നും ചെന്നിത്തല വിമർശിച്ചു.

ശബരിമല സ്‌പെഷൽ ഓഫിസർ ആയി ആർഎസ്എസ് നേതാക്കളെ ഏൽപിച്ച പോലെയാണ് പൊലീസ് പെരുമാറുന്നത്. പൊലീസിനെ സംഘപരിവാറിന്റെ ‘റിമോട്ട് കൺട്രോളർ’ ആക്കരുത്. ശബരിമലയിൽ കലാപമുണ്ടാക്കി നേട്ടം കൊയ്യാൻ ശ്രമിക്കുന്ന സംഘപരിവാറും സിപിഎമ്മും ഈ ആസൂത്രിത നീക്കങ്ങളിൽ നിന്നും പിന്മാറണം. ശബരിമലയിൽ സമാധാന അന്തരീക്ഷം പുലരണം. തീർത്ഥാടകരുടെ ആശങ്ക ഒഴിവാക്കണം–ചെന്നിത്തല ആവശ്യപ്പെട്ടു.

തന്നിൽ നിന്നും നിയമോപദേശം തേടി എന്ന ശ്രീധരൻ പിള്ളയുടെ അവകാശവാദം തന്ത്രി കണ്ഠര് രാജീവര് തള്ളിക്കളഞ്ഞിട്ടും വീണ്ടും അദ്ദേഹത്തിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോർഡ് നടപടി അനുചിതമാണ്. പ്രതിഷ്ഠയുടെ പിതൃസ്ഥാനമുള്ള തന്ത്രിയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം. അയ്യപ്പഭക്തന്മാരുടെ ഹൃദയവേദന സർക്കാരും ബോർഡും തിരിച്ചറിയണമെന്നും ചെന്നിത്തല കുറിപ്പിൽ വ്യക്തമാക്കി.