Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടപെട്ടത് സംഘർഷം ഒഴിവാക്കാൻ; പടിചവിട്ടിയത് ഇരുമുടിക്കെട്ടുമായി: വൽസൻ തില്ലങ്കേരി

Valsan-Thillenkeri-Rss-leader വൽസൻ തില്ലങ്കരി

ശബരിമല∙ സംഘർഷമുണ്ടാകുമ്പോൾ അത് ഒഴിവാക്കാൻ നേതൃത്വത്തിനു ചുമതലയുണ്ടെന്നും അതുകൊണ്ടാണു തൃശൂർ സ്വദേശിനി ലളിതാ രവി ശബരിമലയിലെത്തിയ സമയത്തു ഭക്തർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയതെന്നും ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി. പൊലീസ് പരാജയപ്പെട്ടിട്ടില്ല. പൊലീസിനെ സഹായിക്കാനാണു ഭക്തജനങ്ങൾ അങ്ങനെ ചെയ്തത്. എല്ലാവരും ചേർന്നാണു ശബരിമലയിൽ സമാധാനം ഉണ്ടാക്കിയത്– തില്ലങ്കേരി പറഞ്ഞു. ആരോ മൈക്ക് തന്നശേഷം ഭക്തരോടു ശാന്തരാകണമെന്നു പറയാൻ ആവശ്യപ്പെട്ടതുകൊണ്ടാണു മൈക്കുപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പതിനെട്ടാം പടി ചവിട്ടിയത് ഇരുമുടിക്കെട്ടുമായാണ്. സംശയമുണ്ടെങ്കിൽ ആർക്കും വിഡിയോ ദൃശ്യങ്ങൾ പരിശോധിക്കാം. ഇരുമുടിക്കെട്ടുമായി പടികയറി മുകളിലെത്തിയപ്പോഴാണു താഴെ വലിയ പ്രശ്നം നടക്കുന്നതായി കാണുന്നത്. ആദ്യം ഇരുമുടിക്കെട്ട് കയ്യിൽ വച്ചുകൊണ്ടു തന്നെ എല്ലാവരോടും ശാന്തരാകാൻ ആവശ്യപ്പെട്ടു. അതിനുശേഷം ഇരുമുടികെട്ട് അടുത്തു നിന്നയാൾക്കു കൊടുത്തശേഷം എല്ലാവരെയും രണ്ടു കയ്യും ഉയർത്തി ശാന്തമാകാൻ ആവശ്യപ്പെട്ടതാണ്. അയ്യപ്പഭക്തനായ താൻ ആചാരലംഘനം നടത്തിയെന്നു പറയുന്ന അവാസ്തവമായ പ്രചാരണം വേദനയുണ്ടാക്കുന്നുവെന്നും വൽസൻ തില്ലങ്കേരി കൂട്ടിച്ചേർത്തു.

യുവതീപ്രവേശത്തെ എതിർക്കുന്ന തീവ്രനിലപാടു സ്വീകരിക്കുന്നവരും ശബരിമലയിൽ വന്നിട്ടുണ്ട്. ശബരിമലയെ കലാപകേന്ദ്രമാക്കാൻ വരുന്നവരുണ്ടെന്നു പൊലീസിനുമറിയാം. അത്തരക്കാരുടെ കുതന്ത്രങ്ങളിൽപെടരുതെന്നാണു ഞങ്ങൾ പറഞ്ഞത്. ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കാനാണു സംഘപരിവാർ പ്രവർത്തകർ വന്നത്. എക്കാലവും സംഘപരിവാർ പ്രവർത്തകർ നിലകൊണ്ടതും അതിനുവേണ്ടി തന്നെയാണ്. വൈകാരികമായ വിഷയമാണെന്നതിനാൽ ഭക്തർ പെട്ടെന്നു പ്രകോപിതരാകാനുള്ള സാധ്യതയുണ്ട്. അത്തരം പ്രശ്നം ഒഴിവാക്കുന്നതിനാണു താനുൾപ്പെടെയുള്ള നേതൃത്വം ശബരിമലയിലെത്തിയതെന്നും തില്ലങ്കേരി പറഞ്ഞു.

ഭക്തർക്കു നേരിട്ട ബുദ്ധിമുട്ടുകളിൽ അവർ നിരാശരാണ്. ആദ്യ ദിവസം ബസ് ഉണ്ടായിട്ടും എരുമേലിയിൽനിന്നു ഭക്തരെ നിലയ്ക്കലേക്കു കൊണ്ടുവന്നില്ല. നിലയ്ക്കലിൽ 17 ബസ് ഉണ്ടായിട്ടും ഭക്തർക്കായി നൽകിയില്ല. ഭക്തജനങ്ങളുടെ വാഹനം പിടിച്ചു വച്ചു. എന്നാൽ ബസ് വിട്ടതുമില്ല. ആയിരത്തോളം ആളുകൾ നടക്കേണ്ടിവന്നു. ഇരുമുടിക്കെട്ട് അഴിച്ചുപോലും പരിശോധിച്ചു പമ്പയിൽ. ഇതൊക്കെ കരുതിക്കൂട്ടി ചെയ്തതാണെന്ന തോന്നലാണ് ഭക്തരെ പ്രകോപിപ്പിച്ചത് – വൽസൻ തില്ലങ്കേരി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.