Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

27 വർഷങ്ങൾക്കു മുൻപ് കൊലക്കേസിൽ ഒളിവിൽപ്പോയി; മറ്റൊരു കേസന്വേഷണത്തിൽ കുടുങ്ങി

sebastian-kuttiyachan സെബാസ്റ്റ്യന്‍ എന്ന കുട്ടിയച്ചന്‍

മലപ്പുറം∙ പൂക്കോട്ടൂർ മൈലാടിയിൽ ക്വാറിത്തൊഴിലാളിയെ കുത്തിക്കൊന്ന കേസിൽ ഒളിവിൽപ്പോയ പ്രതി 27 വർഷത്തിനു ശേഷം അറസ്റ്റിൽ. തൊടുപുഴ സ്വദേശി പിണക്കാട്ട് സെബാസ്‌റ്റ്യൻ എന്ന കുട്ടിയച്ചനെ (81) ആണ് മംഗലാപുരത്തുനിന്നു മഞ്ചേരി പോലീസ് അറസ്‌റ്റ് ചെയ്‌തത്. മംഗലാപുരത്ത് വാടകയ്ക്കു താമസിച്ചിരുന്ന പ്രതി, വാടകയെച്ചൊല്ലി തർക്കിച്ചു വീട്ടുമടയുടെ വസതിയിലേക്ക് സ്ഫോടകവസ്തു എറിഞ്ഞതാണ് അറസ്റ്റിനു വഴിതുറന്നത്. ക്വാറിയിൽ ഉപയോഗിക്കുന്ന സ്ഫോടകവസ്തുവിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം മൈലാടി ക്വാറിയിലെ ‘പരിചയസമ്പന്നനായ തൊഴിലാളി’യുടെ അറസ്റ്റിൽ എത്തുകയായിരുന്നു.

മണ്ണാർക്കാട് സ്വദേശി പറക്കൽ മുരളി എന്നയാളാണു കൊല്ലപ്പെട്ടത്. 1991ലാണു സംഭവം. മുരളി വഴി ജോലി നേടിയ കുട്ടിയച്ചൻ, മുരളിയുമായി സാമ്പത്തിക ഇടപാടിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ഉളികൊണ്ട് നെഞ്ചിനു കുത്തി കൊലപ്പെടുത്തുകയും ചെയ്തെന്നാണു കേസ്. സംഭവം നടക്കുമ്പോൾ മുരളിക്ക് 28 വയസ്സും പ്രതിക്ക് 54 വയസ്സുമായിരുന്നു. കൊല നടത്തിയ ശേഷം കുട്ടിയച്ചൻ മംഗലാപുരത്തേക്കു കടന്നു. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ, സെബാസ്‌റ്റ്യൻ, കുട്ടിയച്ചൻ, കുട്ടപ്പൻ, ബാബു, മുഹമ്മദ്, ബാലു എന്നിങ്ങനെ പല പേരുകളിൽ ജോലി ചെയ്തു. 30 വർഷമായി വീട്ടുകാരുമായി ബന്ധമുണ്ടായിരുന്നില്ല.

കുട്ടിയച്ചന്റെ ആക്രമണത്തിൽ മംഗലാപുരത്തെ വീട്ടുടമയ്ക്കു പരുക്കേറ്റിട്ടുണ്ട്. മംഗലാപുരം പുത്തൂർ പൊലീസ് കേസെടുത്തു. സിഐ എൻ.ബി. ഷൈജു, എസ്‌ഐ ജലീൽ കറുത്തേടത്ത്, സ്‌പെഷൽ സ്‌ക്വാഡ് അംഗം പി. മുഹമ്മദ് സലീം എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.