Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂനമർദം ശക്തിപ്പെടുന്നു: കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിർദേശം

Rain Kerala

തിരുവനന്തപുരം∙ തെക്കന്‍ തമിഴ്നാടിനും ശ്രീലങ്കയ്ക്കും ഇടയില്‍ ന്യൂനമര്‍ദം രൂപമെടുത്തു. ഇതേത്തുടര്‍ന്നു കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി. കന്യാകുമാരിഭാഗത്തു മല്‍സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ശ്രീലങ്കയ്ക്കും തൂത്തുക്കുടിക്കും ഇടയിലാണു ന്യൂനമര്‍ദം രൂപമെടുത്തത്. ഇത് ഇപ്പോൾ ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും ചേരുന്നിടത്താണു സ്ഥിതി ചെയ്യുന്നത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാല്‍ കന്യാകുമാരി, ഗള്‍ഫ് ഓഫ് മന്നാര്‍ മേഖലയില്‍ കടൽ പ്രക്ഷുബ്ധമാണ്. മൽസ്യത്തൊഴിലാളികള്‍ ഈ ഭാഗങ്ങളിലേക്കു പോകരുതെന്നു കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു. ആഴക്കടലില്‍ മൽസ്യബന്ധനത്തിനു പോയവർ മടങ്ങിയെത്തണം.

ന്യൂനമര്‍ദം വരുന്ന 72 മണിക്കൂറിനിടയില്‍, കൂടുതല്‍ ശക്തിപ്പെട്ടു കന്യാകുമാരി ഭാഗത്തേക്കു നീങ്ങാനാണു സാധ്യത. ഇതേത്തുടര്‍ന്നു കേരളത്തിലെമ്പാടും മഴ കിട്ടും. തെക്കൻ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും ഇടയുണ്ട്. ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ഒാഖി രൂപമെടുത്ത അതേ പ്രദേശത്തു ന്യൂനമര്‍ദം രൂപമെടുത്തതിനാല്‍, ഇതിന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കാനാണു കാലാവസ്ഥാ കേന്ദ്രത്തിന്റെയും ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രത്തിന്റേയും തീരുമാനം.