Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ സുരക്ഷ കേന്ദ്രമുന്നറിയിപ്പ് അനുസരിച്ച്: സംസ്ഥാന സർക്കാർ

Kerala-High-Court-4

കൊച്ചി∙ ശബരിമലയിൽ മാധ്യമപ്രവർത്തകരെയും വിശ്വാസികളെയും തടഞ്ഞിട്ടില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു തീവ്രസ്വഭാവമുള്ള ചില വിഭാഗങ്ങൾ ശബരിമലയിൽ എത്തിയേക്കാമെന്നു കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചില മുൻ കരുതലുകൾ എടുത്തതൊഴിച്ചാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായിരുന്നു നടപടിയെന്നും സർക്കാർ കോടതിയിൽ വിശദീകരിച്ചു. ശബരിമലയിൽ മാധ്യമവിലക്കിനെതിരെ നൽകിയ ഹർജിയിലാണു സർക്കാരിന്റെ വിശദീകരണം.

ശബരിമലയിൽ ചിത്തിര ആട്ടത്തിരുന്നാൾ വിശേഷ പൂജാ ഒരുക്കങ്ങളോ സുരക്ഷാ സംവിധാനങ്ങളോ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങളെ അനുവദിച്ചില്ല എന്നാണ് ആരോപണം. ഈ ദിവസങ്ങളിൽ മാധ്യമപ്രവർത്തകരെ നിലയ്ക്കൽ കടന്നു പോകുന്നതിനു പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ വിലക്കില്ലെന്നുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ വാർത്താക്കുറിപ്പു വന്നിരുന്നു. സുരക്ഷ ക്രമീകരിച്ച ശേഷം പമ്പയിലേക്കു മാധ്യമങ്ങളെ കടത്തിവിടുമെന്നുമായിരുന്നു ലോക്നാഥ് ബെഹ്റ വിശദീകരിച്ചത്.