Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാപ്പനംകോട് എന്‍ജിനീയറിങ് കോളജിനു ഭൂമി കൈമാറേണ്ട; വിജയം കെഎസ്ആർടിസിക്ക്

ksrtc-logo

തിരുവനന്തപുരം ∙ പാപ്പനംകോട് എന്‍ജിനീയറിങ് കോളജും കെഎസ്ആര്‍ടിസിയുമായുള്ള ഭൂമികൈമാറ്റ വിഷയത്തില്‍ കോര്‍പറേഷനു വിജയം. കോര്‍പറേഷന്റെ ഭൂമി വിട്ടുനല്‍കേണ്ടതില്ലെന്നു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിര്‍ദേശം നല്‍കി. കോര്‍പറേഷന്റെ ഭൂമി ഒരു കാരണവശാലും എന്‍ജിനീയറിങ് കോളജിനു വിട്ടുനല്‍കില്ലെന്നു എംഡി ടോമിന്‍ ജെ.തച്ചങ്കരി നേരത്തെ ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

രാവിലെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരും കോളജ് അധികൃതരും മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം േചര്‍ന്നു. കോളജിന് അംഗീകാരം വേണമെങ്കില്‍ 20 ഏക്കര്‍ സ്ഥലമെങ്കിലും േവണമെന്ന് അധികൃതര്‍ വാദിച്ചു. എന്നാല്‍ നഗര മേഖലകളിലുള്ള കോളജുകള്‍ക്ക് 5 ഏക്കര്‍ മതിയെന്ന പുതുക്കിയ നിര്‍ദേശം യോഗത്തില്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ചൂണ്ടിക്കാട്ടി. കെഎസ്ആര്‍ടിസി ഭൂമിയില്‍ കളിസ്ഥലവും വനിതാ ഹോസ്റ്റലും നിര്‍മിക്കണമെന്ന കോളജിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

പാപ്പനംകോട് ശ്രീ ചിത്തിര എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലും കെഎസ്ആര്‍ടിസി എംഡിയുമായി 1998 നവംബര്‍ 30ന് നേമം സബ് റജിസ്ട്രാര്‍ ഓഫിസില്‍ ഒപ്പിട്ട വാടകകരാര്‍ പ്രകാരം 12.5 ഏക്കറാണു കെഎസ്ആര്‍ടിസി കോളജിനു കൈമാറേണ്ടിയിരുന്നത്. എന്നാല്‍ 4.93 ഏക്കറാണു നൽകിയത്. കരാര്‍പ്രകാരം ബാക്കിയുള്ള 7.57 ഏക്കര്‍ സ്ഥലം കൈമാറണമെന്നു സര്‍ക്കാരിനോടു കോളജ് ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും ഭൂമി കൈമാറാന്‍ കെഎസ്ആര്‍ടിസി തയാറായില്ല. കെഎസ്ആര്‍ടിസിയുടെ ബോ‍ഡി ബില്‍ഡിങ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത് പാപ്പനംകോടാണ്. ഈ യൂണിറ്റിന്റെ ഭാഗമായ ഭൂമി വിട്ടുനല്‍കിയാല്‍ അതു കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു മാനേജ്മെന്റ് ചൂണ്ടിക്കാട്ടി. 

ജൂലൈ 2ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിക്കു വീണ്ടും കത്തു നല്‍കി. കോളജ് പാട്ടത്തിനെടുത്ത സ്ഥലത്തുനിന്നു കെഎസ്ആര്‍ടിസിയുടെ ഉപയോഗശൂന്യമായ വസ്തുക്കള്‍ എത്രയും േവഗം നീക്കം ചെയ്യണമെന്നും ശേഷിക്കുന്ന 7.57 ഏക്കര്‍ കോളജിനു കൈമാറണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തലത്തിലുള്ള നയപരമായ തീരുമാനമായതിനാല്‍ അനാവശ്യമായി തീരുമാനം നീട്ടരുതെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി മുന്‍ നിലപാടില്‍ ഉറച്ചുനിന്നു. പിന്നാലെ പാപ്പനംകോട് കോളജിലെ വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ വര്‍ക്സില്‍ അതിക്രമിച്ചു കയറി കൊടികുത്തി. മതില്‍ പൊളിക്കാനും ശ്രമം നടന്നു. കല്ലേറില്‍ ചില ജീവനക്കാര്‍ക്കു പരുക്കേറ്റു. എംഡിയുടെ നിര്‍ദേശപ്രകാരം കരമന പൊലീസ് കേസെടുത്തിരുന്നു.

related stories