Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിവുപോലെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് മോദി; ഇത്തവണ ചൈന അതിർത്തിയിൽ

modi-celebrating-deepavali

ഉത്തരകാശി∙ ഇന്ത്യ – ചൈന അതിർത്തിയിൽ സമുദ്രനിരപ്പിൽ നിന്നും 7,860 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹർസിൽ കൺടോൺമെന്റ് എരിയയിൽ സൈനികർക്കും ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) അംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒറ്റപ്പെട്ട മഞ്ഞുമലകളിൽ ജോലിയോട് സൈനികർ കാണിക്കുന്ന ആത്മാർഥത രാജ്യത്തിന്‍റെ കരുത്ത് വർധിപ്പിക്കുന്ന ഘടകമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

125 കോടി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്കു നിറംപകർന്ന്, അവരുടെ ഭാവി ഭദ്രമാക്കുന്ന  സൈനികർ ജനതക്കിടയിൽ സുരക്ഷിതത്വബോധവും നിർഭയത്വവും വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതായും കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ സാന്നിധ്യത്തിൽ നടന്ന ദീപാവലി കൂട്ടായ്മയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലംതൊട്ടു സൈനികർക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി സൈനികർക്കു മധുരപലഹാരങ്ങളും വിതരണം ചെയ്തു. ദീപാവലി ആശംസിക്കാനെത്തിയ പ്രദേശവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. 

വെളിച്ചങ്ങളുടെ ആഘോഷമാണു ദീപാവലി. നന്മയുടെ വെളിച്ചം പകർന്നു ഭയമില്ലാതാക്കാൻ അതു സഹായിക്കുന്നു. പ്രതിരോധ മേഖലയിൽ വൻ പുരോഗതിയാണ് രാജ്യം കൈവരിച്ചത്. ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ സൈനികർ നടത്തുന്ന പ്രവർത്തനങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി, 2013 ൽ ഉണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടം നേരിട്ട ക്ഷേത്രത്തിലെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി.

പ്രധാനമന്ത്രി എന്ന നിലയിലെ ആദ്യ ദീപാവലി 2014 ൽ സിയാച്ചിനിലെ സൈനികർ‌ക്കൊപ്പമാണ് മോദി ആഘോഷിച്ചത്. 2015 ൽ, 1965 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിന്റെ അൻപതാം വാർഷികം കൂടി പരിഗണിച്ച് പഞ്ചാബ് അതിർത്തിയിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി. 2016 ൽ ഹിമാചലിൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിനൊപ്പവും 2017 ൽ ജമ്മു കശ്മീരിലെ സൈനികർക്കൊപ്പവുമായിരുന്നു പ്രധാനമന്ത്രി ദീപാവലി ദിനം ചെലവിട്ടത്.  

related stories