Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവത് 2075: ഐശ്വര്യ പ്രതീക്ഷയിൽ നിക്ഷേപകർ; ആശങ്കകളും ഏറെ

sensex-mobile

കൊച്ചി∙ ഓഹരി വിപണിയിൽ ഐശ്വര്യ പ്രതീക്ഷയുടെ മുഹൂർത്ത വ്യാപാരം ഇന്ന്. മികച്ച നേട്ടങ്ങളും ലാഭക്കച്ചവടവും പ്രതീക്ഷിച്ചാണു നിക്ഷേപകർ സംവത് 2075ന്റെ ആദ്യ ദിനത്തിൽ മുഹൂർത്ത വ്യാപാരത്തിനൊരുങ്ങുന്നത്. വടക്കേ ഇന്ത്യയില്‍ ഇന്നാണു ദീപാവലി ആഘോഷം. മലയാളികൾ ഓണവും ഇപ്പോൾ അക്ഷയ തൃതീയയുമെല്ലാം കാണുന്നതു പോലെ ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരം ഓരോ സംവത് ആരംഭ ദിനങ്ങളും ഐശ്വര്യത്തിന്റെയും പ്രതീക്ഷകളുടേതുമാണ്. വസ്ത്രവും സ്വർണവും സ്ഥലവും വീടും എല്ലാം വാങ്ങുന്നതിന് ഉത്തമമായ ദിവസം. അതുപോലെ പുതിയ ഓഹരികൾ വാങ്ങുന്നതിനും നിക്ഷേപ പങ്കാളിത്തം വർധിപ്പിക്കുന്നതിനും എല്ലാം നല്ല ദിവസമായി കാണുന്നത് ഇന്നാണ്. അതുകൊണ്ടു തന്നെ മുഹൂർത്ത വ്യാപാര സമയത്ത് കൂടുതൽ നിക്ഷേപകർ പങ്കാളിത്തം ഉയർത്താൻ എത്തുമെന്ന പ്രതീക്ഷയിലാണു വിപണി.

ഇന്നു വൈകിട്ട് അഞ്ചു മുതൽ ആറര വരെ നീളുന്ന ഒന്നര മണിക്കൂറാണു സംവത് 2075 മുഹൂർത്ത വ്യാപാരം. ഇന്ത്യൻ ഓഹരി വിപണികളായ നിഫ്റ്റിയും സെൻസെക്സും ഈ സമയം വ്യാപാരം നടത്തും. കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിൽ വൈകിട്ട് അഞ്ചു മുതൽ 11.55 വരെ വ്യാപാരം ഉണ്ടാകും. സംവത് 2074 സമ്മാനിച്ചതു നേട്ടങ്ങളായിരുന്നു. കഴിഞ്ഞ സംവതിൽ സെൻസെക്സ് 2407.56 പോയിന്റിന്റെ നേട്ടമാണ് (7%) കൈവരിച്ചത്. നിഫ്റ്റി 319.15 പോയിന്റും (3%). ഇന്നലെ മാത്രം സെൻസെക്സ് 41 പോയിന്റ് കയറി 34,991.91 ൽ എത്തി. നിഫ്റ്റി 6 പോയിന്റ് വർധനയിൽ 10,530ൽ എത്തി.

ഇന്ധന വിലയിലെ അസ്ഥിരതയും രൂപയുടെ മൂല്യത്തകർച്ചയും വിദേശ നിക്ഷേപകരുടെ പിൻമാറ്റവും അമേരിക്കൻ ഫെഡറലിന്റെ പലിശനിരക്ക് വർധനവും എല്ലാമായി കഴിഞ്ഞ സവത് അവസാനമായപ്പോഴേയ്ക്ക് വിപണി അനിശ്ചിതാവസ്ഥയിലാകന്ന കാഴ്ചയാണു ദൃശ്യമായത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളും എന്തു നയപരമായ മാറ്റങ്ങൾക്കാണു വഴിയൊരുക്കുന്നതെന്ന അനിശ്ചിതാവസ്ഥയുമാണ് ഇപ്പോൾ വിപണിയിൽ നിലനിൽക്കുന്നത്. എന്നാൽ ആഭ്യന്തര നിക്ഷേപകരുടെ വർധനവും കമ്പനികളുടെ മികച്ച പ്രകടനങ്ങളുമെല്ലാം വിപണിയെ സഹായിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു സെലിബ്രസ് ക്യാപിറ്റൽ സീനിയർ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു. .

നിഫ്റ്റി വരും സംവതിൽ 9850 – 11200 എന്ന നിലയിൽ തുടരാനാണു സാധ്യതയെന്നാണു കണക്കുകൂട്ടൽ. എന്നാൽ ഈ രണ്ടു പരിധികളും ഭേദിച്ചാൽ മാത്രം വിപണിയിൽ ശക്തമായ ഇടിവോ ഉയർച്ചയോ പ്രതീക്ഷിച്ചാൽ മതിയാകും. ഫാർമ, എഫ്എംസിജി, പബ്ലിക് സെക്ടർ ബാങ്കുകൾ തുടങ്ങിയ സെക്ടറുകളിൽ വരും വർഷം നേട്ടത്തിൽ തുടരുമെന്നാണ് പ്രതീക്ഷ.