Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധി നടപ്പായില്ല; ദീപാവലിക്കു ശേഷം വിഷപുക ശ്വസിച്ച് വീണ്ടും തലസ്ഥാനം

INDIA-ENVIRONMENT-POLLUTION-SMOG ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം (ഫയൽ ചിത്രം)

ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങളുടെ പിറ്റേന്ന് ഒരിക്കൽ കൂടി ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമാകുന്നു. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അന്തരീക്ഷത്തിൽ പുക നിറഞ്ഞ അവസ്ഥയിലാണ്. വിവിധ മേഖലകളിൽ വായുവിന്റെ ഗുണനിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്സ്, എക്യൂഐ) ഏറ്റവും അപകടരമായ നിലയിലേക്കു ഉയർന്നു. ആനന്ദ് വിഹാർ, മേജർ ധ്യാൻചന്ദ് നാഷനൽ സ്റ്റേഡിയം എന്നിവടങ്ങിലാണു മലിനീകരണം ഏറ്റവും രൂക്ഷം. പരമാവധി അളവായ 999 ആണ് ഇവിടങ്ങളിലെ എക്യൂഐ.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിവരങ്ങള്‍പ്രകാരം ബുധനാഴ്ച രാത്രി 11 മണിക്ക് ഡൽഹിയിലെ ആകെ എക്യൂഐ 302 ആണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അനിയന്ത്രിതമായി പടക്കങ്ങൾ പൊട്ടിച്ചതാണു തലസ്ഥാന നഗരിയിൽ സ്ഥിതി വഷളാക്കിയത്. സുപ്രീം കോടതി വിധി പ്രകാരം ദീപാവലി ആഘോഷങ്ങൾക്കു രാത്രി എട്ടു മുതൽ പത്തു മണി വരെ മാത്രമാണു പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. എന്നാൽ പല സ്ഥലങ്ങളിലും നിർദിഷ്ട സമയത്തിനു ശേഷവും പടക്കം പൊട്ടിക്കുന്നതു തുടർന്നു. നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു.

ഡൽഹിയുടെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ, ഗാസിയാബദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായിരിക്കുകയാണ്. അന്തരീക്ഷ മലനീകരണം നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി കേന്ദ്ര സർക്കാരും ഡൽഹി സർക്കാരും ചേർന്ന് ഈ മാസം ഒന്നു മുതൽ 10 വരെ ‘ക്ലീൻ എയർ ക്യാംപെയ്ൻ’ പരിപാടി രൂപീകരിച്ചിട്ടുണ്ട്.