Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം പാഠം, ദീർഘദൃഷ്ടിയുള്ള സാമ്പത്തിക നയങ്ങളാണ് ആവശ്യം: മൻമോഹൻ

Manmohan Singh, Narendra Modi മൻമോഹൻ സിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും

ന്യൂഡൽഹി ∙ സാമ്പത്തിക രംഗത്തെ അപക്വമായ തീരുമാനങ്ങൾ ഒരു രാഷ്ട്രത്തെ എത്രകണ്ടു വിടാതെ വേട്ടയാടുമെന്നതിന്‍റെ മികച്ച ഉദാഹരണമാണ് നോട്ടു നിരോധനമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. ഏറെ ആലോചിച്ചും കരുതലോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണ് സാമ്പത്തിക നയരൂപീകരണമെന്ന് മനസ്സിലാക്കാനുള്ള സുവർണ അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടു നിരോധനത്തിന്‍റെ രണ്ടാം വർഷത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് സാമ്പത്തിക വിദഗ്ധൻ കൂടിയായ മന്‍മോഹൻ സിങ്ങിന്‍റെ ഓർമപ്പെടുത്തൽ.

നോട്ടു നിരോധത്തിന്‍റെ ശരിയായ പ്രഭാവം നാം ഇനിയും അനുഭവിക്കാനും മനസ്സിലാക്കാനും ഇരിക്കുന്നതേയുള്ളൂ. മൊത്തം ആഭ്യന്തര ഉൽപാദന വളർച്ച (ജിഡിപി)യുടെ ഇടിവിൽ ഒതുങ്ങുന്നതല്ല അത്. ഇന്ത്യൻ സമ്പദ്ഘടനയുടെ ആണിക്കല്ലായ ചെറുകിട – ഇടത്തരം വ്യവസായങ്ങൾ നോട്ടുനിരോധത്തിന്‍റെ തിരിച്ചടികളിൽനിന്ന് ഇനിയും മുക്തമായിട്ടില്ല. പുതിയ ജോലികളുടെ സാധ്യതയും അടച്ചതിനാൽ ഇത് നേരിട്ട് തൊഴിലില്ലായ്മയ്ക്കും വഴിവച്ചിട്ടുണ്ട്. നോട്ടുനിരോധത്തെ തുടർന്ന് ഉടലെടുത്ത, വസ്തുക്കൾ പണമാക്കി മാറ്റുന്നതിലുണ്ടായ പ്രതിസന്ധി ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പണം കടം കൊടുക്കുന്നവരെയും സാരമായി ഉലച്ചതിനാൽ ഓഹരി വിപണിയിലും ചാഞ്ചാട്ടം തുടരുകയാണ്. രൂപയുടെ മൂലച്യുതിയും ഉയരുന്ന എണ്ണവിലയും സമ്മാനിക്കുന്ന തലവേദനകൾ ഉയർന്നുവരാൻ തുടങ്ങിയിട്ടേയുള്ളൂവെന്നും മൻമോഹൻ സിങ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

യാതൊരു വിധത്തിലുള്ള കണക്കുകൂട്ടലുകളും കൂടാതെ മോദി സർക്കാരെടുത്ത അത്യന്തം മോശമായ തീരുമാനം സമ്പദ്ഘടനയിൽ വരുത്തിയ കനത്ത ആഘാതം തിരിച്ചറിയാത്തവരായി ആരുമില്ല. പ്രായം, ലിംഗം, ജാതി, ഉദ്യോഗം എന്നിവയ്ക്കതീതമായി എല്ലാ ഇന്ത്യക്കാരും നോട്ടു നിരോധനം സമ്മാനിച്ച യാതനകൾ അനുഭവിച്ചവരാണ്. സാമ്പത്തിക മേഖലയെയും ഓഹരി വിപണിയെയും കൂടുതൽ ഉലയ്ക്കുന്ന, പാരമ്പര്യത്തിൽനിന്നു വ്യതിചലിച്ചുള്ള, ഹ്രസ്വകാല ലക്ഷ്യത്തോടു കൂടിയ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാതിരിക്കുകയായിരിക്കും ഇപ്പോൾ പ്രായോഗികമെന്നു വ്യക്തമാക്കിയ മുൻ പ്രധാനമന്ത്രി, ദീർഘവീക്ഷണമുള്ളതും ദൃഢവുമായ സാമ്പത്തിക നയങ്ങൾ സ്വീകരിക്കാൻ സര്‍ക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.

related stories