Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2 കൂട്ടരുടെയും രഥയാത്രകൾ എവിടെ ഒന്നാവുമെന്നാണ് നോക്കുന്നത്: പിണറായി

pinarayi-sabarimala ശബരിമല, പിണറായി വിജയൻ

തൃശൂർ ∙ ശബരിമലയുടെ പേരിൽ തെക്കുനിന്നും വടക്കുനിന്നും 2 കൂട്ടർ ആരംഭിച്ച രഥയാത്രകൾ എവിടെവച്ച് ഒന്നാവും എന്നുമാത്രം നോക്കിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവേയാണു കോൺഗ്രസിനെയും ബിജെപിയെയും പിണറായി വിമർശിച്ചത്.

അപ്പുറത്തെത്തി എത്തിയില്ല എന്ന അവസ്ഥയിൽനിന്നു തിരിച്ചുവന്ന ആളാണു യാത്രകളിൽ ഒന്നു നയിക്കുന്നത്. ബിജെപിയുടെ അജൻഡ നടപ്പായി കഴിയുമ്പോൾ ബിജെപിയും സർക്കാരിനെ അനുകൂലിക്കുന്ന പാർ‌ട്ടികളും മാത്രമേ ബാക്കിയാവൂ എന്നാണു പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞത്. കോൺഗ്രസ് എന്ന പാർട്ടി ഇല്ലാതാവും എന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. കോൺഗ്രസിന് അൽപമെങ്കിലും ആർജവമുണ്ടെങ്കിൽ ഇതേക്കുറിച്ച് എന്തെങ്കിലും മറുപടി പറയുമായിരുന്നില്ലേ- പിണറായി ചോദിച്ചു.

എൽഡിഎഫിന്റെ ഓരോ യോഗം കഴിയുമ്പോഴും മുൻപത്തേക്കാൾ ആളാണല്ലോ ഈ യോഗത്തിൽ എന്നു തോന്നിപ്പോകുന്നു. മുന്നണിക്കൊപ്പമുള്ളവർ മാത്രമല്ല, അല്ലാത്തവരും യോഗത്തിനെത്തുന്നുണ്ട്. വിശ്വാസികളിൽനിന്ന് ഇടതുമുന്നണിയെ വേർതിരിക്കുക എന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. മുന്നണി എല്ലാ വിഭാഗത്തിന്റേതുമാണ്. എല്ലാ വിഭാഗക്കാരും ഇതു തങ്ങളുടെ മുന്നണിയാണ് എന്ന തരത്തിൽ തന്നെയാണു കാണുന്നതെന്നും പിണറായി പറ​ഞ്ഞു.