Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ക്രിമിനല്‍’ പൊലീസുകാർക്കെതിരായ നടപടി: തീരുമാനം ഉന്നതര്‍ ഇടപെട്ട് മുക്കി

police-ips

തിരുവനന്തപുരം∙ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള തീരുമാനം പൊലീസിലെ ഉന്നതര്‍ ഇടപെട്ട് മുക്കി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 59 ഉദ്യോസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിജിപി (ക്രൈം) അധ്യക്ഷനായ സമിതി ഓഗസ്റ്റില്‍ ഡിജിപിക്ക് ശുപാര്‍ശ നല്‍കിയിരുന്നു.

സ്ത്രീപീഡനം, കൊലപാതകശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ െചയ്തവരാണ് പട്ടികയിലുണ്ടായിരുന്നത്. പൊലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനെത്തുടര്‍ന്നു മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഡിജിപി ക്രൈം, ഇന്റലിജന്‍സ് ഐജി, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡിഐജി, സെക്യൂരിറ്റി എസ്പി, എന്‍ആര്‍ഐ സെല്‍ എസ്പി എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചത്.

സംസ്ഥാന പൊലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണ് ആഭ്യന്തരവകുപ്പ് ഏപ്രിലില്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ട രേഖയില്‍ വ്യക്തമാക്കിയിരുന്നത്. പത്തു ഡിവൈഎസ്പിമാരും എട്ട് സിഐമാരും എസ്ഐ - എഎസ്ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരുമാണ് പട്ടികയിലുണ്ടായിരുന്നത്. തുടര്‍ന്ന് ഏപ്രില്‍ 24ന് ഡിജിപി സമിതിക്കു രൂപം നല്‍കി. സമിതി ഓരോ കേസും വിശദമായി പരിശോധിച്ച് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പേരുണ്ടെന്ന് കണ്ടെത്തി. പിന്നീട് ഈ പട്ടിക വീണ്ടും പരിശോധിച്ചതിനുശേഷമാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്.

ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ സേനയുടെ അച്ചടക്കത്തിനു ഭീഷണിയാണെന്നും അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് സമിതി ശുപാര്‍ശ ചെയ്തിരുന്നത്. ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ഒരാള്‍ പൊലീസ് ജോലിക്ക് ‘അണ്‍ഫിറ്റ്’ ആണെങ്കില്‍ അയാളെ പുറത്താക്കാമെന്നാണ് കേരള പൊലീസ് ആക്ടിലെ 86(സി) വകുപ്പില്‍ പറയുന്നത്. പക്ഷേ പൊലീസ് അസോസിയേഷനിലെ ചിലര്‍ ഇടപെട്ട് നടപടി വൈകിപ്പിക്കുകയായിരുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. എന്നാല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.


 

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.