Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതിയോട് അപമര്യാദയെന്ന്; സിഎൻഎൻ റിപ്പോർട്ടറെ വിലക്കി വൈറ്റ് ഹൗസ്

Jim-Acosta-and-Donald-Trump ഡോണൾഡ് ട്രംപിനോട് തർക്കിക്കുന്ന ജിം അക്കോസ്റ്റ

വാഷിങ്ടൻ ∙ വാർത്താസമ്മേളനത്തിനിടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൊമ്പുകോർത്ത സിഎൻഎൻ റിപ്പോർ‌ട്ടർക്ക് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്ക്. ജിം അക്കോസ്റ്റ എന്ന റിപ്പോർട്ടറുടെ പാസാണ് വൈറ്റ് ഹൗസ് റദ്ദാക്കിയത്. വൈറ്റ്ഹൗസ് ജീവനക്കാരിയായ യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നു ആരോപിച്ചാണ് നടപടി. എന്നാൽ ആരോപണം അക്കോസ്റ്റ നിഷേധിച്ചു. അസുഖകരമായ ചോദ്യങ്ങൾ ഉന്നയിച്ചതിനുള്ള പ്രതികാരമായാണ് തങ്ങളുടെ പ്രതിനിധിയുടെ പാസ് റദ്ദാക്കിയതെന്ന് സിഎൻഎൻ തിരിച്ചടിച്ചു.

മധ്യ അമേരിക്കയിലെ അഭയാർഥികള്‍ അമേരിക്കൻ അതിര്‍ത്തിയിലേക്കു കൂട്ടമായി നീങ്ങുന്നതു സംബന്ധിച്ച ചോദ്യങ്ങളാണ് ട്രംപും സിഎൻഎൻ പ്രതിനിധിയുമായുള്ള വാഗ്വാദത്തിന് കാരണമായത്. തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ച ജിം അക്കോസ്റ്റയോടു ട്രംപ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. അക്കോസ്റ്റയുടെ കൈയിൽ നിന്നു മൈക്ക് തിരികെ വാങ്ങാനുള്ള വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ശ്രമവും വിജയിച്ചില്ല. ഈ സംഭവത്തെ തുടർന്നാണ്, യുവതിയുടെ ദേഹത്തു സ്പർശിച്ചതായി ആരോപിച്ച് അക്കോസ്റ്റയുടെ മാധ്യമ പാസ് റദ്ദാക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് ട്വീറ്റ് ചെയ്തത്. ഭരണകൂടത്തെയും പ്രസിഡന്‍റിനെയും വിമർശിക്കുന്ന തരം ചോദ്യങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും മാധ്യമ സ്വാതന്ത്ര്യത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ് പ്രസിഡന്‍റെന്നും വ്യക്തമാക്കിയ സാൻഡേഴ്സ്, തന്‍റെ ജോലി നോക്കുകയായിരുന്ന വൈറ്റ് ഹൗസ് ജീവനക്കാരിയുടെ ദേഹത്ത് റിപ്പോർട്ടർ കൈവച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവാത്തതാണെന്നും വ്യക്തമാക്കി.

ആരോപണം വെറും നുണാണെന്ന് അക്കോസ്റ്റ ട്വീറ്റ് ചെയ്തു. വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരും അക്കോസ്റ്റയ്ക്കു പിന്തുണയുമായി രംഗത്തെത്തി. തങ്ങളുമായി അസുഖകരമായ ബന്ധമുള്ള ഒരു റിപ്പോർട്ടറെ രഹസ്യ സുരക്ഷാ ഉപാധികളുയർത്തി തളയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനം പ്രതിഷേധകരമാണെന്നും തെറ്റായ ഈ തീരുമാനം ഉടൻ തിരുത്തണമെന്നും വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അക്കോസ്റ്റ ജനങ്ങളുടെ ശത്രുവാണെന്നും മര്യാദയില്ലാത്ത, കഴിവുകുറഞ്ഞ വ്യക്തിത്വമാണെന്നും ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. മാധ്യമങ്ങൾക്കെതിരായ പ്രസിഡന്‍റിന്‍റെ നടപടികൾ എല്ലാ സീമയും ലംഘിച്ചിരിക്കുകയാണെന്നും ഇത് അപകടകരമാണെന്നും യുഎസിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും സിഎൻഎൻ കുറ്റപ്പെടുത്തി.