Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ ഇനി ‘ആകാശക്കണ്ണ്’: വ്യോമ നിരീക്ഷണം ശക്തമാക്കാൻ പൊലീസ്

Sabarimala

തിരുവനന്തപുരം∙ മണ്ഡല മകരവിളക്ക് ഉൽസവത്തിനും അതിനുശേഷം നട തുറക്കുന്ന ദിവസങ്ങളിലും വ്യോമസേനയുടേയും നാവികസേനയുടേയും പങ്കാളിത്തത്തോടെ വ്യോമ നിരീക്ഷണം ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചു. വ്യോമ നിരീക്ഷണത്തിന്റെ നോഡല്‍ ഓഫിസര്‍ പത്തനംതിട്ട ഡിസിപി ആയിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് നിലയ്ക്കലിലെ ഹെലിപാഡ് സജ്ജമാക്കി നിര്‍ത്തും.

കൊച്ചി നേവല്‍ ബേസില്‍ നിന്നായിരിക്കും സര്‍വീസ്. നേവല്‍ ടീമിനെ ഒരു ഐപിഎസ് ഓഫിസര്‍ അനുഗമിക്കും. എറണാകുളം േറഞ്ച് ഐജിക്കായിരിക്കും മേല്‍നോട്ടം. നവംബര്‍ 16, ഡിസംബര്‍ അഞ്ച്, ആറ്, 27, ജനുവരി 13,14 എന്നീ ദിവസങ്ങളിലാണു വ്യോമ നിരീക്ഷണം നടത്തുന്നത്. ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റത്തെ കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വിതരണ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. www.sabarimalaq.com എന്ന സൈറ്റില്‍ ബുക്ക് ചെയ്യുമ്പോള്‍ ഡിജിറ്റല്‍ ക്യൂ കൂപ്പണ്‍ ലഭിക്കും. കൂപ്പണുള്ളവര്‍ക്ക് ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡ് നല്‍കും. ഡേറ്റ് പതിപ്പിച്ച പ്രത്യേക ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവരെ മാത്രമേ പമ്പയില്‍നിന്ന് കടത്തിവിടൂ.

പ്രത്യേക നിറത്തിലുള്ള കൈമാറ്റം ചെയ്യാന്‍ കഴിയാത്ത ഈ കാര്‍ഡുള്ളവര്‍ക്കു മാത്രമേ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നല്‍കൂ. മരക്കൂട്ടത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ‍‍‍ഡിജിറ്റല്‍ ക്യൂ എന്‍ട്രി കാര്‍ഡുള്ളവര്‍ മാത്രമേ ചന്ദ്രാനന്ദന്‍ റോഡ് വഴി സന്നിധാനത്തിലേക്കു പോകുന്നുള്ളൂവെന്ന് ഉറപ്പാക്കണം. ദുരുപയോഗം ഒഴിവാക്കാന്‍ എന്‍ട്രി കാര്‍ഡിന്റെ കൗണ്ടര്‍ ഫോയില്‍ സന്നിധാനത്തു ശേഖരിക്കും. കാര്‍ഡ് പരിശോധിക്കാന്‍ പത്തു കേന്ദ്രങ്ങള്‍ ഗണപതി കോവിലിന്റെ ഭാഗത്തുണ്ടാകും. സന്നിധാനത്തും മരക്കൂട്ടത്തും പമ്പയിലും പരിശോധനാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഒൻപത് എസ്ഐമാരും 82 പൊലീസ് ഉദ്യോഗസ്ഥരും ഡിജിറ്റല്‍ ക്യൂ ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും. എസ്‌സിആര്‍ബി എഡിജിപിക്കാണ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിന്റെ ചുമതല.