Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കി; നിയമസഭാംഗത്വം നഷ്ടമാകും

തിരുവനന്തപുരം ∙ അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. എംഎൽഎ സ്ഥാനത്തു തുടരാൻ യോഗ്യതയില്ല. വർഗീയ പ്രചാരണം നടത്തിയെന്ന ഹർജിയിലാണ് വിധി. അഴീക്കോട് മണ്ഡലത്തിൽ ഷാജിക്കെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം.വി. നികേഷ്കുമാർ നൽകിയ തിരഞ്ഞെടുപ്പു ഹർജി അനുവദിച്ചാണു ജസ്റ്റിസ് പി. ഡി. രാജന്റെ ഉത്തരവ്. മുസ്‌ലിം ലീഗിന്റെ എംഎൽഎയാണ് ഷാജി.

തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണം അംഗീകരിച്ച കോടതി, ഷാജിക്ക് എംഎൽഎ സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നു വിലയിരുത്തി. മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ പരാതി നൽകിയിരുന്നത്. ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മൽസരിക്കുന്നതിലും അയോഗ്യതയുണ്ട്. അഴീക്കോട്ട് നടന്ന തിരഞ്ഞെടുപ്പിൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷിന്റെ ആവശ്യം കോടതി തളളി. ഹർജി നൽകിയ എം.വി.നികേഷ് കുമാറിന് 50,000 രൂപ കോടതി ചെലവായി നൽകണമെന്നും വിധിയിൽ പറയുന്നു.

സ്റ്റേയ്ക്ക് അപേക്ഷ നൽകും: കെ.എം.ഷാജി 

km-shaji-reaction ഹൈക്കോടതി വിധിയെക്കുറിച്ച് കെ.എം.ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചപ്പോൾ.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കെ.എം.ഷാജി. സ്റ്റേക്ക് അപേക്ഷ നൽകും. ഒരു വിധി കൊണ്ട് തന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാനാകില്ലെന്നും ഹൈക്കോടതി അയോഗ്യനാക്കിയ വിധി പരാമർശിച്ച് കെ.എം.ഷാജി മനോരമ ന്യൂസിനോടു പറഞ്ഞു.

''ഇരുപത് ശതമാനം മാത്രം മുസ്‌‌ലിംകള്‍ക്ക് വോട്ടുള്ള മണ്ഡലമാണിത്. അവിടെയാണ് ഇങ്ങനെ വിചിത്രമായ ആരോപണം. താന്‍ വര്‍ഗീയ പ്രചാരണം നടത്തി എന്നാണ് ആരോപണം. ഞാന്‍ രാഷ്ട്രീയത്തില്‍ ഇന്നലെ വന്ന ആളല്ല. തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരെ പോരാട്ടം നടത്തിയ ആളാണ്. ബോധപൂര്‍വമായ ശ്രമം ആണ് ഈ കേസിന് പിന്നില്‍. എന്‍റെ ജീവിതം കൊണ്ട് ഞാന്‍ തെളിയിച്ച ചിലതുണ്ട്. അത് ഇങ്ങനെയൊരു കേസ് കൊണ്ട് ഇല്ലാതാക്കാനാകില്ല.''– ഷാജി പറഞ്ഞു.

‘‘കോടതിവിധിയിൽ ഏറ്റവും അപമാനകരമായി തോന്നിയത് വർഗീയത പ്രചരിപ്പിച്ചു എന്നതാണ്. എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായി എന്നത് വലിയ വിഷയമായി ഞാൻ കാണുന്നില്ല. വർഗീയതക്കെതിരെയുള്ള പോരാട്ടമായിരുന്നു എന്റെ ജീവിതം. അത് ഞാൻ കോടതിയിൽ തെളിയിക്കും.’’ – എതിർ സ്ഥാനാർഥി നികേഷ്കുമാർ വളരെ മോശമായി വളച്ചൊടിച്ച കേസാണിതെന്നും ഷാജി പറഞ്ഞു.

കോടതി വിധി സംബന്ധിച്ച് വിവിധ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...