Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ 3000 കോടിയുടെ ഓഹരികള്‍ കേന്ദ്രം വില്‍ക്കുന്നു

INDIA-MODI/CORRUPTION

ന്യൂഡല്‍ഹി: വിഭജനകാലത്ത് ഇന്ത്യ വിട്ട വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന (എനിമി പ്രോപ്പര്‍ട്ടി) ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഏതാണ്ട് 3000 കോടി രൂപ മൂല്യമുള്ള ഓഹരികളാണു വിറ്റഴിക്കുന്നത്.

ഇരുപതിനായിരം ഓഹരി ഉടമകളുടേതായി 996 കമ്പനികളിലുള്ള 6.5 കോടി ഓഹരികളാണ് എനിമി പ്രോപ്പര്‍ട്ടി കസ്‌റ്റോഡിയന്റെ പക്കലുള്ളത്. ഇതില്‍ 558 കമ്പനികള്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നവയാണ്. കേന്ദ്രധനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതിയാവും ഓഹരി വില്‍പന നിയന്ത്രിക്കുക. 

നിലവില്‍ ഓഹരികള്‍ വിറ്റഴിക്കാനാണു സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെങ്കിലും വിഭജനകാലത്ത് ഇന്ത്യ വിട്ടവരുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്നാണു വിലയിരുത്തപ്പെടുന്നത്. ഇതിനായി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത്തരത്തില്‍ സ്വത്തുള്ളവരുടെ പിന്‍മുറക്കാര്‍ ഇതിനെതിരേ നിയമയുദ്ധം തുടങ്ങിയിട്ടുണ്ട്. 

വര്‍ഷങ്ങളായി നിഷ്‌ക്രിയമായി കിടക്കുന്ന ജംഗമ സ്വത്തുക്കള്‍ വിറ്റഴിച്ചു പണമാക്കി മാറ്റുന്നത് ജനക്ഷേമ പദ്ധതികള്‍ക്കു ഉപകാരപ്പെടുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 80000 കോടി രൂപ സമാഹാരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 10000 കോടി രൂപ മാത്രമേ ഓഹരി വിറ്റഴിക്കലിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.