Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്ടെന്നു കാറിലേക്ക് എന്തോ വീണു, നെയ്യാറ്റിന്‍കര കേസില്‍ വെളിപ്പെടുത്തല്‍

sanal-kumar

തിരുവനന്തപുരം∙ ബന്ധുവിനു വൃക്കദാനം ചെയ്തശേഷം ആശുപത്രിയിൽ കഴിയുന്ന അമ്മയെ കണ്ടു വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു കാറിലേക്ക് എന്തോ വന്നു വീഴുകയായിരുന്നു എന്നു നെയ്യാറ്റിന്‍കരയില്‍ യുവാവ് വാഹനമിടിച്ചു മരിക്കാന്‍ കാരണമായ വാഹനത്തിന്റെ ഉടമ നിഖില്‍. റോഡരികിലുണ്ടായ തര്‍ക്കത്തിനിടെ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയായിരുന്ന ബി.ഹരികുമാര്‍ പിടിച്ചു തള്ളിയപ്പോഴാണു സനല്‍ കാറിനടിയിലേക്കു വീണു മരിച്ചത്.

‘ഹമ്പ് അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് എന്തോ ഒന്നു വണ്ടിയിലേക്കു വീണു. പ്രതികരിക്കാന്‍ സമയം കിട്ടിയില്ല. പെട്ടെന്ന് വണ്ടി ബ്രേക്കിട്ട് നിര്‍ത്തി. വാഹനത്തിന് പുറത്തിറങ്ങിയപ്പോഴാണ് മനുഷ്യനാണെന്നു മനസിലായത്. കാര്‍ ബ്രേക്കിട്ടു നിര്‍ത്തിയതിനാല്‍ സനലിന്റെ ദേഹത്തുകൂടി കയറിയില്ല. ഞാന്‍ നോക്കിയപ്പോള്‍ അയാള്‍ക്കു ശ്വാസം ഉണ്ടായിരുന്നു. നാട്ടുകാര്‍ സ്ഥലത്തു കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ പൊലീസ് എത്തി. സംഭവിച്ച കാര്യങ്ങള്‍ തിരക്കി. ഞാന്‍ മറുപടി പറഞ്ഞു.

എന്റെ കയ്യില്‍നിന്ന് ഒരാള്‍ കാറിന്റെ താക്കോല്‍ വാങ്ങി. കുറച്ചു കഴിഞ്ഞ് ആംബുലന്‍സ് എത്തി. ഞാന്‍‌ വേറൊരു വണ്ടിയില്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തി. പിന്നീട് പൊലീസ് സ്റ്റേഷനില്‍ പോയി കാര്യം പറഞ്ഞു. പൊലീസ് പൊയ്ക്കോളാന്‍ പറഞ്ഞു’ - നിഖില്‍ മനോരമ ഓണ്‍ലൈനോടു പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥര്‍ സനലിനെ വേഗത്തില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയാറായോ എന്ന ചോദ്യത്തിന് പരിഭ്രാന്തിക്കിടയില്‍ അക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെന്ന് നിഖില്‍ പറഞ്ഞു.