Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിവൈഎസ്പി ഹരികുമാർ സിപിഎമ്മും പൊലീസ് അസോസിയേഷനും തമ്മിലുള്ള കണ്ണി: ബെന്നി ബഹനാൻ

Benny-Behanan ബെന്നി ബെഹനാൻ (ഫയൽ ചിത്രം)

കൊച്ചി∙ സംസ്ഥാനത്ത് അക്രമം നടത്തുന്ന പൊലീസുകാർ ഭരണകക്ഷിയുടെ കയ്യാളുകളാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. നെയ്യാറ്റിൻകര സംഭവത്തിൽ സിപിഎമ്മിന്റെ അടുപ്പക്കാരനായ പൊലീസുകാരന്റെ അക്രമമാണു കണ്ടത്. സിപിഎമ്മും പൊലീസ് അസോസിയേഷനും തമ്മിലുള്ള കണ്ണിയാണു ഡിവൈഎസ്പി ഹരികുമാർ. മൂന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഹരികുമാറിനെ ഡിവൈഎസ്പിയായി നിയമിച്ചതു സർക്കാരാണ്. അതുകൊണ്ടു തന്നെ കൊലപാതകത്തിന്റെ ധാർമിക ഉത്തരവാദിത്തം സർക്കാരിനാണ്. ക്രിമിനലുകളായ പൊലീസുകാരെ സർക്കാർ സംരക്ഷിക്കുകയാണ്.

കൊലപാതകത്തിനുശേഷം ഹരികുമാറിനെ ഫോണിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതാക്കൾ ആരൊക്കെയെന്ന് അന്വേഷിക്കണം. സംഭവം നടന്നിട്ട് ഇത്ര ദിവസങ്ങളായിട്ടും എന്തുകൊണ്ടു ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി പറയണം. സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്തു പിണറായി ആഭ്യന്തര വകുപ്പൊഴിയുകയാണു വേണ്ടത്. കേരളം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദുർബലനായ ഡിജിപിയാണ് ലോക്നാഥ് ബെഹ്റ.

ശബരിമല വിഷയത്തിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുന്നതാണു കേരളം കാണുന്നത്. ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തെന്നു പറയുമ്പോഴും എന്തുകൊണ്ടാണു ശ്രീധരൻ പിള്ളയെ സർക്കാർ അറസ്റ്റ് ചെയ്യാത്തതു എന്നു വിശദീകരിക്കണം. ജാമ്യമില്ലാ കേസ് ചുമത്തപ്പെട്ട ശ്രീധരൻപിളള ഇപ്പോൾ പൊലീസ് സംരക്ഷണയിൽ രഥയാത്ര നടത്തുകയാണെന്നും ബെന്നി ബഹന്നാൻ പറഞ്ഞു.