Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി സ്വാഗതാർഹം; ചുരമിറങ്ങിയ തീവ്രവാദികളും ലീഗിൽ: പി. ജയരാജൻ

കണ്ണൂർ ∙ അഴീക്കോട് മണ്ഡലത്തിൽ കെ.എം. ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം കണ്ണൂർ‌ ജില്ലാ സെക്രട്ടറി പി. ജയരാജൻ. തെളിവുകൾ സഹിതം ഹർജി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തിര‍ഞ്ഞെടുപ്പു റദ്ദാക്കിയത്. ആറു ലഘുലേഖകളാണ് വളപട്ടണം പഞ്ചായത്തു പ്രസിഡന്റിന്റെ വീട്ടിൽനിന്ന് പൊലീസ് പിടിച്ചെടുത്തത്. അതു തെളിവായി സ്വീകരിച്ചാണ് കോടതി ലീഗ് സ്ഥാനാർഥിയുടെ വിജയം റദ്ദാക്കിയത്. മതനിരപേക്ഷത അംഗീകരിക്കുന്ന ഒരു പാർട്ടിക്കും അംഗീകരിക്കാനാവാത്ത പരാമർശങ്ങളാണ് ആ ലഘുലേഖകളിലുള്ളത്. ഇല്ലാത്തൊരു സംഘടനയുടെ പേരിൽ ലഘുലേഖ പ്രചരിപ്പിച്ചുകൊണ്ടാണ് ലീഗ് എംഎൽഎ അവിടെ വിജയിച്ചത്. മതനിരപേക്ഷത അംഗീകരിക്കുന്ന ഭരണഘടനയെപ്പോലും വെല്ലുവിളിച്ചുകൊണ്ടാണ് ജയിക്കാനായി ലീഗ് സ്ഥാനാർഥി വൃത്തികെട്ട കളി കളിച്ചതെന്നാണ് ഈ വിധിയിലൂടെ ഹൈക്കോടതി പ്രഖ്യാപിച്ചത്.

മതനിരപേക്ഷത അംഗീകരിക്കുന്ന എല്ലാവരും ഈ വിധിയെ സ്വാഗതം ചെയ്യും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ഗുജറാത്താണ് വികസനത്തിന്റെ മാതൃക എന്നു പ്രഖ്യാപിച്ചയാളാണ് ഷാജി. ലീഗിലെ എല്ലാ നേതാക്കളും പ്രവർത്തകരും വർഗീയവാദികളല്ല. പക്ഷേ ഷാജിയെപ്പോലെ ഒറ്റപ്പെട്ടയാളുകളും അവിടെയുണ്ട്. ചുരമിറങ്ങിയ തീവ്രവാദികളും മുസ്‌ലിംലീഗിലുണ്ട്. മതതീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാട് മുസ്‌ലിംലീഗിന്റെ ചില നേതാക്കന്മാർ സ്വീകരിക്കുന്നുണ്ട്.

കോടതി വിധിയെ യുഡിഎഫും അംഗീകരിക്കുകയാണ് വേണ്ടത്. അഴീക്കോട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടത്താൻ വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കേണ്ടത്. അല്ലാതെ മറ്റു വഴികളിലൂടെ വിധിയെ മറികടക്കാൻ നോക്കരുതെന്നും ജയരാജൻ പറ‍ഞ്ഞു.