Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പുതിയ ക്രമീകരണങ്ങൾ; പാർക്കിങ് പാസ്, ഐഡി കാർഡ്, റൗണ്ട് ട്രിപ്പ് ടിക്കറ്റ്

Sabarimala

തിരുവനന്തപുരം∙ മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. സ്വന്തം സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് വാങ്ങിയാണു തീർത്ഥാടകർ ഇനി ശബരിമല യാത്ര ചെയ്യേണ്ടത്. പൊലീസ് പാസില്ലാത്ത വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ല.

പ്രളയത്തെത്തുടർന്ന് പാർക്കിങ് പൂർണമായും നിലയ്ക്കലിലേക്കു മാറ്റിയ പശ്ചാത്തലത്തിലാണ്.പുതിയ ക്രമീകരണമെന്നാണ് വിശദീകരണം. നിലയ്ക്കലിൽ വാഹനങ്ങൾ നിർത്തിയിടുന്നതിനാണ് അതാത് പ്രാദേശിക പൊലീസ് സ്റ്റേഷനുകളിൽ നിന്നുളള അനുമതി പാസ് നിർബന്ധമാക്കുന്നത്. എന്നാൽ തമിഴ്നാട്, ആന്ധ്ര, കർണാടക തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ഇത് നിർബന്ധമാണോ എന്നത് വ്യക്തമാക്കിയിട്ടില്ല.

ബേസ് ക്യാംപായ നിലയ്ക്കൽ വരെ മാത്രമേ തീർഥാടകരുടെ വാഹനങ്ങൾ എത്താൻ അനുവദിക്കുകയുള്ളൂ. ഇവിടെ നിന്ന് കെഎസ്ആർടിസി ബസുകളിൽ മാത്രമാകും പമ്പയിലേക്കുള്ള യാത്ര. ഇതിനായി ഓൺലൈൻ റിസർവേഷൻ സൗകര്യം www.keralartc.com എന്ന വെബ്സൈറ്റിൽ ലഭ്യമാക്കി. പത്തുപേർക്കു വരെ ഒറ്റ ടിക്കറ്റ് എടുത്താൽ മതിയാകും. നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്കായി നിലയ്ക്കലിൽ സൗകര്യമൊരുക്കും. ദർശനസമയം കണക്കാക്കി 48 മണിക്കൂർ ഉപയോഗിക്കാവുന്ന, നിലയ്ക്കൽ–പമ്പ–നിലയ്ക്കൽ റൗണ്ട് ട്രിപ് ടിക്കറ്റ് ആണ് നൽകുക. 48 മണിക്കൂറിനുള്ളിൽ തീർഥാടകർ ദർശനം കഴിഞ്ഞു മടങ്ങണം എന്നർഥം. ദർശനത്തിനുള്ള പ്രത്യേക ഓൺലൈൻ ടിക്കറ്റ് സംവിധാനം www.sabarimalaq.com ഇതിനകം ലഭ്യമാണ്.

മുൻവർഷങ്ങളിൽ നിന്ന് ഭിന്നമായി തീർഥാടകർക്കു മരക്കൂട്ടത്തു നിന്ന് ചന്ദ്രാനനൻ റോഡ് വഴി സന്നിധാനം നടപ്പന്തൽ വരെയെത്താൻ www.sabarimalaq.com എന്ന വെബ്സൈറ്റിലെ ടിക്കറ്റ് ഉപയോഗിക്കാം. മണ്ഡലകാലത്ത് ശബരിമലയിലും പരിസരത്തും പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളിലെയും ഭക്ഷണശാലകളിലെയും എല്ലാ ജീവനക്കാർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി. തുലാമാസ പൂജ, ചിത്തിര ആട്ടത്തിരുന്നാൾ തുടങ്ങിയ അവസരങ്ങളിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ശബരിമലയിലും പമ്പയിലും മറ്റുമുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് സുരക്ഷ കർശനമാക്കാനാണ് തീരുമാനം.