Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എടിഎം കവർച്ച: തുമ്പ് തേടി കേരള പൊലീസ് രാജസ്ഥാനിൽ കള്ളന്മാരെ പിടിച്ച കഥ

ഉല്ലാസ് ഇലങ്കത്ത്
koratty-atm-robbery-cctv-visuals പ്രതികളുടേതായി സിസി ടിവിയിൽ പതിഞ്ഞ ദൃശ്യം.

ഒക്ടോബര്‍ 12: വലിയൊരു മോഷണം നടന്ന വിവരം പൊലീസിനു ലഭിക്കുന്നു. കൊച്ചി ഇരുമ്പനം പുതിയ റോഡ് ജംക്‌ഷനു സമീപം സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലെ എടിഎം തകര്‍ത്ത് 25 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നിരിക്കുന്നു. കൊരട്ടിയിലെ എടിഎമ്മില്‍നിന്നും മോഷ്ടാക്കള്‍ പണം കവര്‍ന്നു. എടിഎം കൗണ്ടറിന്റെ ഷട്ടര്‍ അടച്ചശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ പൊളിക്കുകയായിരുന്നു. കൗണ്ടറിലെ രണ്ടു ക്യാമറകളും സ്പ്രേ പെയിന്റ് അടിച്ചു മറച്ചിരുന്നു.

Koratty ATM Robbery കവര്‍ച്ച നടന്ന കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ പൊലീസ് പരിശോധിക്കുന്നു. – ഫയൽ ചിത്രം.

അന്വേഷണത്തില്‍ പൊലീസിന് ഒരു കാര്യം വ്യക്തമായി. മൂന്നു ജില്ലകള്‍ കടന്നുള്ള മോഷണമാണ് നടന്നത്. മോഷണസംഘം പുറപ്പെട്ടത് കോട്ടയത്തുനിന്നു മോഷ്ടിച്ച പിക്കപ് വാനില്‍. അതിനുശേഷം എറണാകുളം വഴി തൃശൂരിലെത്തുകയായിരുന്നു. കോട്ടയത്തു നടത്തിയ മോഷണശ്രമങ്ങള്‍ വിജയം കണ്ടില്ല. കോട്ടയം എസ്പി ഹരിശങ്കറിന്റെ േനതൃത്വത്തില്‍ മൂന്നു ജില്ലകളിലേയും പൊലീസിനെ ഉള്‍പ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ATM Robbery | SBI | Irumbanam കവര്‍ച്ച നടന്ന കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ പൊലീസ് പരിശോധിക്കുന്നു. - ഫയൽ ചിത്രം.

മോഷണം നടത്തിയശേഷം സംഘം നടന്നുപോകുന്ന ചില സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് നിര്‍ണായകമായത്. ചില മോഷ്ടാക്കളുടെ മുഖം വിഡിയോയില്‍ വ്യക്തമായിരുന്നു. എല്ലാം ഇതര സംസ്ഥാനക്കാര്‍. മോഷ്ടാക്കള്‍ എങ്ങനെ കേരളത്തിലെത്തി എന്നായിരുന്നു പൊലീസിന് അറിയേണ്ടത്. അതിനായി മൊബൈല്‍ ടവര്‍ രേഖകള്‍ പരിശോധിച്ചു. രണ്ടു ലക്ഷത്തിലധികം ഫോണ്‍ രേഖകളാണ് പരിശോധിച്ചത്.

atm-robbery നസിംഖാന്‍, ഫനീഫ്

സംഭവം നടന്ന ദിവസം കോട്ടയത്തും കൊരട്ടിയിലും ഒരേ ഫോണ്‍ നമ്പര്‍ കാണപ്പെട്ടതോടെ ആ നമ്പരിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചു. റോബിന്‍ എന്നായിരുന്നു ഉടമയുടെ പേര്. രാജസ്ഥാന്‍ സ്വദേശി. തൃപ്പൂണിത്തുറ സിഐ ഉത്തംദാസിന്റെ നേതൃത്വത്തില്‍ കോട്ടയം ഈസ്റ്റ് എസ്ഐ റനീഷ്, എഎസ്ഐമാരായ കെ.കെ.റജി, വി.അജിത്, എറണാകുളത്തുനിന്നുള്ള സിവില്‍ പൊലീസ് ഓഫിസര്‍മാരായ പി.ടി.അനസ്, ഡി.ബിനില്‍ എന്നിവരുടെ സംഘം രാജസ്ഥാനിലേക്കു തിരിച്ചു. അവിടുത്തെ പൊലീസിന്റെ സഹായത്തോടെ റോബിനെ കണ്ടുപിടിച്ചു ചോദ്യം ചെയ്തു. അപ്പോഴാണറിയുന്നത് റോബിന്‍ കേരളത്തിലേക്കു വന്നിട്ടില്ല. അയാളുടെ ഫോണ്‍ മാത്രമാണ് കേരളത്തിലെത്തിയത്. അതും സുഹൃത്ത് വഴി.

റോബിന്റെ ഫോണ്‍ സുഹൃത്ത് വാങ്ങുകയും പിന്നീട് അയാള്‍ മോഷണത്തിനായി കേരളത്തിലേക്കു വരികയുമായിരുന്നു. റോബിന്റെ സുഹൃത്തിനെ അന്വേഷിച്ചു. ആള്‍ ഒളിവിലാണ്. മോഷണത്തില്‍ പങ്കില്ലെന്നു കണ്ടതോടെ റോബിനെ പൊലീസ് വിട്ടയച്ചു. റോബിന്റെ ഫോണിലേക്ക് കൂടുതല്‍ തവണ വന്ന കോളുകള്‍ പൊലീസ് പരിശോധിച്ചു. നമ്പരുകളെല്ലാം രാജസ്ഥാന്‍ - ഹരിയാന അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവരുടെ പേരിലുള്ളതാണ്.

മേല്‍വിലാസം ശേഖരിച്ച് രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ ഇവരെല്ലാം ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് മനസ്സിലായി. സിസിടിവി ക്യാമറയില്‍ മുഖം െതളിഞ്ഞ നസിം ഖാനാണ് ആദ്യം പിടിയിലായത്. രാജസ്ഥാനിലെ പരാന എന്ന സ്ഥലത്തെ നസിം ഖാന്റെ വീട് പുലര്‍ച്ചെ വളഞ്ഞ കേരള പൊലീസ് അയാളെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചും ചോദ്യം ചെയ്തുമാണ് അസം ഖാനിലേക്കെത്തുന്നതും പപ്പി സിങ്ങിനെക്കുറിച്ചും മുഖ്യപ്രതി ഹനീഫിനെക്കുറിച്ചും അറിയുന്നതും.

സിസിടിവി ദൃശ്യങ്ങളുമായി രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളില്‍ പപ്പി സിങ്ങിനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് പൊലീസിന് ഒരു കാര്യം വ്യക്തമായത്. ഡല്‍ഹിയിലെ ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് ഇയാള്‍ തിഹാര്‍ ജയിലിലാണ്. മഹാരാഷ്ട്രയിലെ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. ജയില്‍ അധികൃതരുമായി ബന്ധപ്പെട്ട് പൊലീസ് തുടര്‍ നടപടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

atm-robbery-pappi പപ്പിയുടെ മുഖം സിസിടിവി ക്യാമറയിൽ പതിഞ്ഞപ്പോൾ

ഹരിയാന–രാജസ്ഥാൻ അതിർത്തിയിലെ ഷിക്കര്‍പൂരിലെ മേവാത്തിലാണ് ഹനീഫിന്റെ സ്ഥലം. ഹരിയാന പൊലീസ് പോലും പോകാന്‍ മടിക്കുന്ന സ്ഥലമാണ് മേവാത്ത്. കള്ളന്‍മാരും അക്രമികളും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. കള്ളന്‍മാര്‍ക്കു പൊലീസില്‍ ചാരന്‍മാരുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പൊലീസ് അവിടെയെത്തിയാല്‍ വിവരം കള്ളന്‍മാരുടെ ചേരികളിലെത്തും. അതിനാല്‍ കരുതലോടെയായിരുന്നു നീക്കം. കേരള പൊലീസ് രാജസ്ഥാനിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടു സഹായം തേടി.

ഹനീഫിന്റെ വീട് പുലര്‍ച്ചെ വളയാന്‍ തീരുമാനിച്ചു. കേരള പൊലീസും രാജസ്ഥാന്‍ പൊലീസും പുലര്‍ച്ചെ മൂന്നു മണിക്ക് വീട് വളഞ്ഞ് ഹനീഫിനെ പിടികൂടി പൊലീസ് വാനിലേക്ക് തള്ളി. 15 മിനിറ്റോളം ചെറുത്തുനിന്നശേഷമാണ് ഹനീഫ് കീഴടങ്ങിയത്. മറ്റുള്ള പ്രതികളെയും പിടികൂടി കേരളത്തിലേക്കു മടങ്ങാനായിരുന്നു കേരള പൊലീസിന്റെ നീക്കം. ഹനീഫിന്റെ അറസ്റ്റ് വിവരം ഗ്രാമത്തിലുള്ളവര്‍ അറിഞ്ഞാല്‍ പ്രശ്നമാകുമെന്നു രാജസ്ഥാന്‍ പൊലീസ് മുന്നറിയിപ്പു നല്‍കിയതിനാല്‍ കേരള പൊലീസ് മടങ്ങി.

കേസില്‍ ഇനി മൂന്നുപേരെക്കൂടി പിടികൂടാനുണ്ട്. മൂന്നുപേരും മേവാത്ത് സ്വദേശികളാണ്. ഇവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു. 16 ദിവസമാണ് അന്വേഷണത്തിനായി പൊലീസ് സംഘം രാജസ്ഥാന്‍ അതിര്‍ത്തി മേഖലകളില്‍ കഴിച്ചുകൂട്ടിയത്.