Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രയ്ക്ക് പുതിയ പേരുമായി ബിജെപി എംഎൽഎ; യുപിയിൽ പേരുമാറ്റ വിവാദം

x-default താജ് മഹൽ. ആഗ്രയിൽ യമുനാ നദീതീരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്.

ലക്നൗ ∙ നഗരങ്ങളുടെയും തെരുവുകളുടെയും മുഗൾ, ബ്രിട്ടിഷ് പേരുകൾ നീക്കംചെയ്യുമെന്ന ബിജെപി വാഗ്ദാനത്തിന്റെ ചുവടുപിടിച്ച് ഉത്തർപ്രദേശിൽ കൂടുതൽ നഗരങ്ങളുടെ പേരുമാറ്റത്തിനായുള്ള ആവശ്യം ശക്തമാകുന്നു. അലഹാബാദിനും ഫൈസാബാദിനും യോഗി ആദിത്യനാഥ് സർക്കാർ‌ പുതിയ പേരു നൽകിയതോടെയാണ് പേരുമാറ്റത്തിനുള്ള പട്ടികയിൽ കൂടുതൽ നഗരങ്ങൾ കടന്നുവന്നത്. ആഗ്രയുടെ പേര് ആഗ്രവന്‍ എന്നോ ആഗ്രവാൾ എന്നോ മാറ്റണമെന്ന് ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.

ആഗ്ര എന്ന പേരിന് പ്രത്യേകിച്ചൊരു അർഥമില്ലെന്നും സ്ഥലവുമായി ഇതിനു യാതൊരു ബന്ധവുമില്ലെന്നുമാണ് എംഎൽഎയുടെ വാദം. പണ്ട് ഇതൊരു വനമേഖലയായിരുന്നെന്നും അഗർവാൾ‌ സമുദായക്കാരാണ് ഇവിടെ താമസിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ ആഗ്ര–വൻ, അല്ലെങ്കിൽ ആഗ്ര –വാൾ എന്നാകണം സ്ഥലത്തിന്‍റെ പേരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആഗ്ര നോർത്ത് എംഎൽഎയാണ് ജഗൻ.

മുസാഫർനഗറിന്‍റെ പേരു മാറ്റണമെന്ന ആവശ്യവുമായി സർധാനയിൽ നിന്നുള്ള വിവാദ ബിജെപി എംഎൽഎ സംഗീത് സോമും രംഗത്തെത്തിയിട്ടുണ്ട്. ലക്ഷിനഗറെന്നാകണം പുതിയ പേരെന്ന് ആവശ്യപ്പെട്ട എംഎൽഎ, ഇതു ജനങ്ങളുടെ ആവശ്യമാണെന്ന അവകാശവാദവും ഉന്നയിച്ചു. ഹൈന്ദവതയ്ക്ക് അവസാനം കുറിക്കുക എന്ന ലക്ഷ്യത്തോടെ മുസ്‍ലിം ഭരണാധികാരികൾ മാറ്റിമറിച്ച ഇന്ത്യൻ സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും നഗരങ്ങൾക്കു പഴയ പേരുകൾ തിരികെ സമ്മാനിക്കുന്നത് ഇതിന്‍റെ ഭാഗമാണെന്നും സംഗീത് സോം വാദിക്കുന്നു. ഇതിന്‍റെ ഭാഗമായി കൂടുതൽ നഗരങ്ങളുടെ പേരു മാറ്റേണ്ടതുണ്ടെന്നും ബിജെപി എംഎൽഎ പറയുന്നു.

നഗരങ്ങളുടെ പേരു മാറ്റുന്ന യോഗി സര്‍ക്കാർ നടപടി സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ക്രിയാത്മകമായ ഒരു പുരോഗതിയും സംസ്ഥാനത്തുണ്ടാകുന്നില്ലെന്ന സത്യത്തിൽനിന്നു ജനശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമാണ് ഇതെന്നാണ് വിമർശകരുടെ ആരോപണം. വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും രാഷ്ട്രീയമാണ് ഇതിലൂടെ സർക്കാർ പ്രാവർത്തികമാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകനും നാടക നടനുമായ ദീപക് കബീർ കുറ്റപ്പെടുത്തി. അതേസമയം ചരിത്രപരമായ തെറ്റുകൾ തിരുത്തി പഴയ പേരുകള്‍ തിരികെ നൽകുകയാണെന്ന വാദമുയർത്തി പേരുമാറ്റങ്ങളെ ബിജെപി ന്യായീകരിച്ചു.

ആഗ്ര, ബറേലി, കാൻപുർ വിമാനത്താവളങ്ങളുടെ പേരുമാറ്റാനുള്ള ശുപാർശയും യോഗി സർക്കാർ കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. ആഗ്ര വിമാനത്താവളത്തിന് ജനസംഘിന്‍റെ സ്ഥാപകനായ ദീനദയാൽ ഉപാധ്യയുടെ പേരു നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്.