Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുത്ത പ്രതിഷേധത്തിനിടയില്‍ കര്‍ണാടകയില്‍ ടിപ്പു ജയന്തി; മുഖ്യമന്ത്രി പങ്കെടുക്കില്ല

tipu-jayanti-protest ടിപ്പു ജയന്തിക്കെതിരേ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിഷേധം

ബെംഗളൂരു ∙ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ടിപ്പു സുല്‍ത്താന്റെ ജന്മാവാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനവുമായി കര്‍ണാടകയിലെ സഖ്യസര്‍ക്കാര്‍ മുന്നോട്ട്. അരോഗ്യ പ്രശ്‌നങ്ങള്‍ മൂലം കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്നു നടക്കുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കില്ല. 2015-ല്‍ കോണ്‍ഗ്രസ് ആരംഭിച്ച ടിപ്പു ജയന്തി ആഘോഷങ്ങളെ മുമ്പ് കുമാരസ്വാമി അനുകൂലിച്ചിരുന്നില്ല. ആഘോഷങ്ങള്‍ സമാധാനപരമായിരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെതു കപട മതേതരത്വമാണെന്നു ബിജെപി കുറ്റപ്പെടുത്തി. ആഘോഷങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച നിരവധി പേരെ കുടകില്‍ അറസ്റ്റ് ചെയ്തു. ആഘോഷങ്ങള്‍ക്കു വേണ്ടിയും എതിര്‍ത്തും ഒരു തരത്തിലുള്ള ജാഥകളും അനുവദിക്കില്ലെന്നു സര്‍ക്കാര്‍ അറിയിച്ചു. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൂബ്ലി, ധാര്‍വാഡ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് ചൂണ്ടിക്കാട്ടി 2015 മുതലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ തുടങ്ങിയത്. പുതിയ സര്‍ക്കാരും ഇതു പിന്തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം മതപരിവര്‍ത്തനത്തിനു തയാറാകാതിരുന്ന ആയിരക്കണക്കിനു ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും പീഡിപ്പിച്ച അതിക്രൂരനായ ഭരണാധികാരിയായിരുന്നു ടിപ്പുവെന്നും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് പൊതുപണം ചിലവിട്ട് സര്‍ക്കാര്‍ ജയന്തി ആഘോഷിക്കുന്നതെന്നും ബിജെപിയും ആര്‍എസ്എസും കുറ്റപ്പെടുത്തുന്നു. ഇന്നലെ ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.