Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിനെ തടഞ്ഞ് യൂത്ത്‌ലീഗ് പ്രവർത്തകർ; ലാത്തിവീശി പൊലീസ്

KT Jaleel - Black Flag ഇമ്പിച്ചിബാവ ഭവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് മലപ്പുറത്ത് എത്തിയ മന്ത്രി കെ.ടി.ജലീലിന് നേരെ കരങ്കൊടി കാട്ടാനെത്തിയ മുസ്‌ലിം യൂത്ത് ലീഗ് പ്രവത്തകന്റെ കയ്യിൽ നിന്ന് കരിങ്കൊടി പിടിച്ചു മാറ്റുന്നു പൊലിസ്.ചിത്രം:ടി.പ്രദീപ് കുമാർ

മലപ്പുറം∙ മന്ത്രി കെ.ടി.ജലീലിനെ മുസ്‍ലിം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് തടഞ്ഞുവച്ചു. ഇമ്പിച്ചിബാവ ഭവനനിര്‍മാണപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണു വന്‍ പ്രതിഷേധം ഉയര്‍ന്നത്. ഇരുനൂറോളം പ്രവര്‍ത്തകര്‍ കാര്‍ വളഞ്ഞുവച്ചു മുദ്രാവാക്യം മുഴക്കി. പൊലീസ് ബലംപ്രയോഗിച്ചാണ് ഇവരെ നീക്കിയത്. ഇടയ്ക്ക് ലാത്തിവീശുകയും ചെയ്തു.

മലപ്പുറം കൊണ്ടോട്ടിയില്‍ മന്ത്രിയെ തടയാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശ്രമിച്ചതു രാവിലെയും സംഘര്‍ഷാവസ്ഥയുണ്ടാക്കിയിരുന്നു. കൊണ്ടോട്ടിയില്‍ മോയിൻകുട്ടി വൈദ്യർ സ്മാരകത്തിനു മുന്നിൽ മന്ത്രിയുടെ വാഹനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. യൂത്ത് ലീഗുകാരെ സിപിഎം പ്രവർത്തകർ പ്രതിരോധിക്കാനെത്തിയതു സംഘർഷാവസ്ഥ സൃഷ്ടിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

അതേസമയം മന്ത്രി കെ.ടി.ജലീലിന് പരസ്യപിന്തുണയുമായി സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ജലീല്‍ തെറ്റു ചെയ്തെന്നു കരുതുന്നില്ലെന്നും നിയമലംഘനമുണ്ടെന്നു തോന്നുന്നവര്‍ക്കു കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെ.ടി. ജലീലിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യക്തിഹത്യ നടത്താനാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. മുസ്‍ലിങ്ങൾക്കിടയിൽ കെ.ടി. ജലീലിനുളള സ്വാധീനമാണ് മുസ്‌‍ലിം ലീഗിന്റെ നീക്കത്തിനു പിന്നിലെന്നും കോടിയേരി ബാലകൃഷ്ണന്‍ കോഴിക്കോട്ട് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണത്തിനു പിന്നാലെ കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു മന്ത്രി കെ.ടി. ജലീല്‍ രംഗത്തെത്തി.

related stories