Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടിയേരിയുടെ പ്രസ്താവന അധികാരത്തിന്റെ അഹന്തയിലുള്ള വെല്ലുവിളി: രമേശ് ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല

കൊച്ചി ∙ ‘സ്വന്തക്കാർക്കും ബന്ധുക്കൾക്കും പതിച്ചു കൊടുക്കാനുള്ളതാണോ സർക്കാർ തസ്തികകൾ?’ – ചോദ്യം പ്രതിപക്ഷ േനതാവ് രമേശ് ചെന്നിത്തലയുടേത്. മന്ത്രി കെ.ടി. ജലീലിനെതിരെ അരഡസനോളം അഴിമതി ആരോപണങ്ങൾ വന്നിട്ടും മുഖ്യമന്ത്രി അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതി നടത്തുന്നവരെ സംരക്ഷിക്കാൻ വേണ്ടി മാത്രമുള്ള സർക്കാരാണിതെന്നും മാധ്യമ പ്രവർത്തകരോടു സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ‍

വേണമെങ്കിൽ ഹൈക്കോടതിയിൽ പൊയ്ക്കോ എന്ന സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ പ്രസ്താവന അധികാരത്തിന്റെ അഹന്തയിലുള്ള വെല്ലുവിളിയാണ്. നെയ്യാറ്റിൻകര സംഭവത്തിൽ കുറ്റക്കാരനായ ഡിവൈഎസ്പി പി.ഹരികുമാറിനെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. ഐജി തലത്തിലുള്ള ഉദ്യോഗസ്‌ഥൻ തന്നെ കേസ് അന്വേഷിക്കണം. അല്ലെങ്കിൽ അന്വേഷണം സിബിഐയെ ഏൽപിക്കണം. ഹരികുമാറിനെ ഏറെത്താമസിക്കാതെ പ്രമോഷൻ നൽകി എസ്പി ആക്കുന്നതും കാണേണ്ടിവരും.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും തലതിരിഞ്ഞ തീരുമാനങ്ങളാണു സർക്കാർ സ്വീകരിക്കുന്നത്. തീർഥാടകർ പൊലീസ് പാസ് എടുക്കണമെന്ന നിർദേശം പൗരാവകാശത്തിന്റെ മേലുള്ള കടന്നുകയറ്റമാണ്. ശബരിമല തീർഥാടനം ദുർബലപ്പെടുത്താനാണു സർക്കാർ ശ്രമം. വിശ്വാസികളായ യുവതികളാരും അവിടേക്കു പോകില്ല. ശബരിമലയിൽ ആർഎസ്എസിനും ബിജെപിക്കും അക്രമം നടത്താൻ സൗകര്യം ഒരുക്കി കൊടുക്കുന്നതു സർക്കാരാണ്. പി.എസ്. ശ്രീധരൻപിള്ളയെ അറസ്റ്റ് ചെയ്യാനുള്ള ധൈര്യം മുഖ്യമന്ത്രി കാണിക്കുമെന്നു കരുതുന്നില്ല. മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ഒരു തയാറെടുപ്പും സർക്കാർ നടത്തിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.