Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരുദോഷത്തെ ‘പേടി’; ശബരിമലയിൽ ഒരുക്കങ്ങൾക്കു വേഗം കൂട്ടി ദേവസ്വം ബോർഡ്

Sabarimala Devotees ശബരിമലയിലേക്കു പോകുന്ന അയ്യപ്പന്മാർ.

ശബരിമല∙ പരാതികൾ ഏറിയപ്പോൾ അവസാന നിമിഷം ശബരിമലയിലെ ഒരുക്കങ്ങൾക്കു വേഗം കൂട്ടി ദേവസ്വം ബോർഡ്. ഒന്നും ചെയ്യാതിരുന്നാൽ മണ്ഡലകാല തീർഥാടനം താറുമാറാക്കിയതിന്റെ പേരുദോഷം വരുമെന്നു കണ്ടപ്പോഴാണ് ഒരുക്കങ്ങൾക്കു ജീവൻവച്ചത്.

പ്രളയത്തിൽ തകർന്ന പമ്പയിൽ ത്രിവേണി പാലം മുതൽ ശുചിമുറിപടി വരെ മണൽപ്പുറത്ത് റോഡ് നിർമിക്കുന്ന പണികൾ പുരോഗമിക്കുന്നു. വാഹനങ്ങൾ താഴാതിരിക്കാൻ കരിങ്കല്ലിട്ട് അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് നടക്കുന്നത്. വെള്ളപ്പൊക്കത്തിൽ നശിച്ച ക്ലോക്ക്‌റൂം അറ്റകുറ്റപണികൾ നടത്തി ഉപയോഗിക്കുന്നതിനുള്ള ജോലികൾ ചെറിയ തോതിൽ തുടങ്ങി. അന്നദാനമണ്ഡപത്തിന്റെ താഴത്തെ ഭാഗം തകർന്ന നിലയിൽ തന്നെയാണ്. ഇവിടം കെ‌ട്ടി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നത്.

സന്നിധാനത്തു ചെറിയ മഴ പെയ്താൽ വടക്കേനട വെള്ളക്കെട്ടിലാകുന്ന സ്ഥിതിയാണ്. എന്നാൽ ഇതു പരിഹരിക്കാനുള്ള നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. മാളികപ്പുറം ക്ഷേത്രത്തിന്റെ താഴെ തിരുമുറ്റത്തു തെളിഞ്ഞുനിൽക്കുന്ന കോൺക്രീറ്റ് കമ്പികളിൽ കാൽകുടുങ്ങിയും തട്ടിവീണും അയ്യപ്പന്മാർക്കു സ്ഥിരമായി അപകടം ഉണ്ടാകുന്നുണ്ട്. അറ്റകുറ്റപണി നടത്തി അപകടാവസ്ഥ ഒഴിവാക്കാൻ കഴിഞ്ഞിട്ടില്ല. ശുചിമുറികളുടെ കാര്യവും മറിച്ചല്ല. ശുദ്ധജല വിതരണത്തിനായി കഴിഞ്ഞ തീർഥാടന കാലത്ത് വെച്ച കിയോസ്കുകളുടെ ടാപ്പുകൾ മിക്കതും ഇളക്കിമാറ്റിയിരുന്നു. ഇതു പുനഃസ്ഥാപിക്കുന്നതിനുള്ള പണികളും തുടങ്ങിയിട്ടില്ല.