Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യപിച്ച് വിമാനം പറത്താനെത്തി; എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി

kannur-airport-air-india-flight Representative Image

മുംബൈ ∙ തുടർച്ചയായ രണ്ടു പരിശോധനകളിലും മദ്യപിച്ചെന്നു തെളിഞ്ഞതോടെ എയർ ഇന്ത്യയുടെ ഓപ്പറേഷൻ വിഭാഗം മേധാവിക്കെതിരെ നടപടി. മദ്യപിച്ചു വിമാനം പറത്താനെത്തിയതിനെത്തുടർന്ന് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ക്യാപ്റ്റൻ എ.കെ.കാഠ്പാലിയയെയാണു ജോലിയിൽ നിന്നു മാറ്റി നിർത്താൻ തീരുമാനിച്ചത്.

ഞായറാഴ്ച വൈകിട്ട് ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകേണ്ടിയിരുന്ന വിമാനം പറത്തേണ്ടിയിരുന്നത് കാഠ്പാലിയയായിരുന്നു. എന്നാൽ മദ്യപാന പരിശോധനയിൽ ഇദ്ദേഹം പരാജയപ്പെടുകയായിരുന്നു. തുടർന്നു മറ്റൊരു പൈലറ്റിനെ വിളിച്ചു വരുത്തിയാണു യാത്ര തുടർന്നത്. എഐ–111 എന്ന വിമാനം 55 മിനുറ്റ് വൈകുന്നതിനും ഇതു കാരണമായി.

കാഠ്പാലിയയ്ക്കു വേണ്ടി രണ്ടു തവണ ബ്രെത്തലൈസർ പരിശോധന നടത്തിയിരുന്നു. രണ്ടിലും അദ്ദേഹം പരാജയപ്പെട്ടു. വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുൻപു വരെ ഒരുതരത്തിലുള്ള ആൽക്കഹോളിക് പാനീയങ്ങളും ക്രൂ അംഗങ്ങൾ കഴിക്കരുതെന്നാണ് എയർക്രാഫ്റ്റ്സ് റൂൾ 24 വിശദമാക്കുന്നത്. വിമാനം പറത്തുന്നതിനു മുൻപും ശേഷവും എല്ലാവർക്കും മദ്യപാന പരിശോധനയും നിർബന്ധമാണ്.

ഒരു തവണ പിടിക്കപ്പെട്ടാൽ മൂന്നു മാസത്തേക്ക് ഫ്ലൈയിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുകയെന്നതാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ചട്ടം. രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്നു വർഷത്തേക്കാണു സസ്പെൻഷൻ. മൂന്നാം തവണയും പിടിക്കപ്പെട്ടാൽ ആജീവനാന്ത കാലത്തേക്കു ഫ്ലൈയിങ് ലൈസൻസ് റദ്ദാക്കും.

2017ൽ കാഠ്പാലിയയുടെ ലൈസൻസ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വിമാനമെടുക്കുന്നതിനു മുന്നോടിയായി പരിശോധനയ്ക്കു തയാറാകാതെ ‘മുങ്ങിയതിന്റെ’ പേരിലായിരുന്നു നടപടി. അന്ന് ഓപ്പറേഷൻസ് വിഭാഗം എക്സി. ഡയറക്ടർ സ്ഥാനത്തു നിന്നും ഇയാളെ മാറ്റി. പിന്നീട് ഡയറക്ടർ സ്ഥാനത്തേക്ക് അഞ്ചു വർഷത്തേക്കു നിയമനം ലഭിക്കുകയായിരുന്നു. കാഠ്പാലിയയുടെ ലൈസൻസ് സംബന്ധിച്ച തീരുമാനം തിങ്കളാഴ്ചയെടുക്കുമെന്ന് ഡിജിസിഎ അധികൃതർ അറിയിച്ചു.

related stories