Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ‘ഗജ’യുടെ വരവ് തമിഴ്നാട്ടിലേക്ക്

TOPSHOT-INDIA-CYCLONE-NADA-WEATHER (ഫയൽ ചിത്രം)

ചെന്നൈ∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി രൂപം പ്രാപിക്കുകയാണെന്നു മുന്നറിയിപ്പ്. നവംബർ 15ന് ഈ ചുഴലിക്കാറ്റ് കരയിലേക്കു കയറും. തമിഴ്നാടിന്റെ വടക്കൻ പ്രദേശങ്ങളെയും ആന്ധ്രപ്രദേശിന്റെ തെക്കൻ ഭാഗങ്ങളെയും കടന്നായിരിക്കും ഇതിന്റെ സഞ്ചാരം. കടലൂരിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയ്ക്കുള്ള ഭാഗങ്ങളെയായിരിക്കും ‘ഗജ’ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ബാധിക്കുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ചെന്നൈയ്ക്ക് വടക്കുകിഴക്കു മാറി 860 കിലോമീറ്റർ ദൂരത്തിലാണ് ‘ഗജ’ രൂപംകൊണ്ടിരിക്കുന്നത്. മണിക്കൂറിൽ 12 കി.മീ. വേഗതയിലാണു നിലവിലെ സഞ്ചാരം. ഇത് അടുത്ത 24 മണിക്കൂറിനകം ശക്തിയേറിയ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ച പ്രത്യേക ബുള്ളറ്റിനിൽ വിശദീകരിച്ചത്. മണിക്കൂറിൽ 80-90 കി.മീ. വേഗതയുള്ള കൊടുങ്കാറ്റ് തമിഴ്നാടിനും പുതുച്ചേരിക്കും ആന്ധ്രയ്ക്കും മുകളിലൂടെ വീശുമെന്നാണ് അറിയിപ്പ്. 

നവംബർ 14 രാത്രി മുതൽ വടക്കൻ തമിഴ്നാട്ടിലെ തീരമേഖലയിൽ മിതമായ തോതിൽ മഴ ലഭിക്കും. എന്നാൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നവംബർ 15നും ഇതേ രീതി തുടരുമെന്ന് ഏര്യ സൈക്ലോൺ വാണിങ് സെന്റര്‍ ഡയറക്ടർ എസ്. ബാലചന്ദ്രൻ അറിയിച്ചു.

നവംബർ 12 മുതൽ മത്സ്യത്തൊഴിലാളികൾ കടലിലേക്കു പോകരുതെന്നു നിർദേശമുണ്ട്. നിലവിൽ കടലിലേക്കു പോയവർ ഉടൻ തിരിച്ചെത്തണമെന്നും നിര്‍ദേശിച്ചു. ഗജ കൊടുങ്കാറ്റിനു നവംബര്‍ 15 വൈകിട്ടോടെ ശക്തി കുറയും. ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള എല്ലാ ജില്ലകളിലും മെഡിക്കൽ സംഘങ്ങളെ നിയോഗിക്കുമെന്നു തമിഴ്നാട് സർക്കാർ വ്യക്തമാക്കി.