Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരികുമാറിനെതിരായ നടപടി മുൻപേ ശുപാർശ ചെയ്തത്; കോടതിയെ അവഗണിച്ച് ആഭ്യന്തരവകുപ്പ്

murder-dysp-harikumar മരിച്ച സനല്‍, ഡിവൈഎസ്പി ഹരികുമാര്‍

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി.ഹരികുമാറിനെതിരായി നടപടിയെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശവും ആഭ്യന്തരവകുപ്പ് അവഗണിച്ചു. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ ഐജി മനോജ് ഏബ്രഹാം ഹരികുമാറിനെ ഡിവൈഎസ്പി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പരാതിക്കാരനെക്കൂടി കേട്ട് തുടര്‍നടപടി എടുക്കണമെന്നായിരുന്നു സെപ്റ്റംബറില്‍ ഹൈക്കോടതി നിര്‍ദേശം.

ഏപ്രിലിലാണ് ഹരികുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഎസ്ഡിപി ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. ഹരികുമാറിന്റ അവിഹിത ബന്ധങ്ങള്‍, കൂട്ടാളി ബിനുവുമായുള്ള ഇടപാടുകള്‍ ക്വാറി ഉടമകളില്‍ നിന്നടക്കം കൈക്കൂലി വാങ്ങിയ സംഭവങ്ങള്‍ എന്നിവ അക്കമിട്ടു നിരത്തിയായിരുന്നു പരാതി. നടപടിയില്ലാതെ വന്നതോടെ വിഎസ്ഡിപി ഹൈക്കോടതിയെ സമീപിച്ചു.

പരാതി െഎജി മനോജ് ഏബ്രഹാം അന്വേഷിച്ച് റിപ്പോര്‍ട്ട് ഡിജിപിക്കു കൈമാറിയിട്ടുണ്ടെന്നാണു സര്‍ക്കാര്‍ അഭിഭാഷക കോടതിയെ അറിയിച്ചത്. ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആളല്ലെന്നും ഡിജിപിയാണ് അത് ചെയ്യേണ്ടതെന്നുമായിരുന്നു മനോജ് ഏബ്രഹാമിന്റ വിശദീകരണം. പരാതിക്കാരന്റെ കൂടി വിശദീകരണം കേട്ടിട്ട് തുടര്‍നടപടിയെടുക്കാൻ സെപ്റ്റംബറില്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിക്കു കഴിയില്ലെന്നിരിക്കെ റിപ്പോര്‍ട്ട് ലോക്നാഥ് ബഹ്റ ആഭ്യന്തരവകുപ്പിന് കൈമാറിയിരുന്നു. എന്നാല്‍ ഒരു നടപടിയുമുണ്ടായില്ല. ഹരികുമാറിനെതിരെ ഇതിനു മുന്‍പും പിന്നാലെയുമായി വന്ന മൂന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും രാഷ്ട്രീയ സമര്‍ദം കാരണം ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു.