Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സനലിന്റെ മരണം ഐജി ശ്രീജിത്ത് അന്വേഷിക്കും; സഹായി അറസ്റ്റിൽ

Sanal

തിരുവനന്തപുരം ∙ വാക്കുതർക്കത്തിനിടെ സനൽ എന്ന യുവാവ് കാറിനു മുന്നിൽ വീണു കൊല്ലപ്പെട്ട കേസിൽ, സനലിനെ തള്ളിയിട്ട ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാൻ സഹായിച്ച ആൾ അറസ്റ്റിൽ. തമിഴ്നാട് തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം ഉടമ സതീഷ് കുമാറാണ് പിടിയിലായത്. കൊലയ്ക്കുശേഷം ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. ഇവർക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ എടുത്തുനല്‍കി, ഡ്രൈവറെയും ഏര്‍പ്പാടാക്കി. പ്രതികള്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തൃപ്പരപ്പില്‍നിന്നു പോയെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു.

അതിനിടെ, കേസ് നേരിട്ട് അന്വേഷിക്കാൻ ഐജി എസ്.ശ്രീജിത്തിനെ ചുമതലപ്പെടുത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തിൽ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞിരുന്നു.

കേസില്‍ ഹരികുമാറിനെ ഇന്നു അറസ്റ്റു ചെയ്യണമെന്ന് അന്വേഷണസംഘത്തിനു ഡിജിപി കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങിയാല്‍ പൊലീസിനു നാണക്കേടാകുമെന്നും എന്തുവില കൊടുത്തും അത്തരം സാഹചര്യം ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം.