Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകൽ കമ്യൂണിസം; രാത്രി ബിജെപിയുമായി ചർച്ച: മുഖ്യമന്ത്രിയെ പരിഹസിച്ച് മുരളീധരന്‍

K.Muraleedharan

തിരുവനന്തപുരം∙ ആർഎസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിയെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നതെന്നു കോൺഗ്രസ് പ്രചാരണവിഭാഗം അധ്യക്ഷൻ കെ.മുരളീധരന്‍. പകല്‍ കമ്യൂണിസം പ്രസംഗിക്കുകയും രാത്രി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും മുരളീധരന്‍. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കുക, വര്‍ഗീയതയെ തുരത്തുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി പത്തനംതിട്ടയിലേക്ക് നടത്തുന്ന മുരളീധരന്റെ പദയാത്രയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്. ശബരിമല തീര്‍ഥാടനത്തിനു പൊലീസ് പാസ് വേണമെന്ന നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും ബിജെപിയെ ശക്തിപ്പെടുത്താനാണു സര്‍ക്കാര്‍ ശ്രമമെന്നും ചെന്നിത്തല പറഞ്ഞു. പദയാത്ര 14ന് പത്തനംതിട്ടയില്‍ എത്തും. 15 നാണ് വിവിധ ജില്ലകളില്‍നിന്നുള്ള പദയാത്രകളുടെ സംഗമം.

അതേസമയം ശബരിമല കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കമ്മിഷണര്‍ എന്‍. വാസു, മുതിര്‍ന്ന അഭിഭാഷകന്‍ അര്യാമ സുന്ദരവുമായി ഇന്നു കൂടിക്കാഴ്ച നടത്തും. നേരത്തേ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‍വിക്ക് പകരം അര്യാമ സുന്ദരത്തെ കേസ് ഏല്‍പ്പിക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. യുവതീപ്രവേശത്തിന് അനുമതി നല്‍കിയ വിധിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ബോര്‍ഡിന്‍റെ നിലപാട്. തുലാമാസപൂജയ്ക്കും, ആട്ടത്തിരുനാളിനും നടന്ന പ്രശ്നങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുന്നത് സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്യും.

related stories