Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപമാനിക്കാൻ ശ്രമമെന്ന് പരാതി; മന്ത്രി ജി. സുധാകരന്റെ ഭാര്യ രാജി വച്ചു

G-Sudhakaran-and-Jubily-Navaprabha ജി.സുധാകരനും ഭാര്യ ജൂബിലി നവപ്രഭയും (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ കേരള സർകലാശാലയുടെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നോളജി ആൻഡ് ടീച്ചർ എജ്യൂക്കേഷന്റെ ഡയറക്ടർ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭ രാജിവച്ചു. തനിക്കെതിരായ ആരോപണങ്ങളെല്ലാം സുധാകരനെ ബാധിക്കുന്നതാണ്. ഭർത്താവാണു തനിക്കു വലുത്. അദ്ദേഹത്തിനു ക്ഷീണമുണ്ടാക്കുന്നതൊന്നും ഇതുവരെ ചെയ്തിട്ടില്ല. സുധാകരനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുന്ന ധർമപത്നിയാണു താൻ. തന്നെ അപമാനിക്കാൻ മനഃപൂർവം പലരും ശ്രമിക്കുന്നുണ്ട്. അതിനാൽ ഡയറക്ടർ സ്ഥാനം താൻ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിയുന്നതായി അവർ‌ അറിയിച്ചു. 

മേയിൽ നിയമനം ലഭിച്ചപ്പോൾ യോഗ്യതയില്ലെന്ന ആരോപണം ഉയർന്നെങ്കിലും കോൺഗ്രസ്, ബിജെപി നേതാക്കളാരും അത് ഏറ്റെടുത്തില്ല. തനിക്കു സ്ഥിരനിയമനം നൽകാനും ശമ്പളം വർധിപ്പിക്കാനും സിൻഡിക്കറ്റ് തീരുമാനിച്ചുവെന്ന് ഇപ്പോൾ പറയുന്നു. കരാർ അടിസ്ഥാനത്തിലാണു താൻ ജോലി ചെയ്യുന്നത്. ആറുമാസമേ ആയിട്ടുള്ളൂ. കരാർ കാലാവധി അവസാനിക്കാതെ തന്നെ സ്ഥിരപ്പെടുത്താനാവില്ല. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തീരുമാനം എടുത്തതാരാണെന്നു വെളിപ്പെടുത്തണമെന്നു സർവകലാശാലയ്ക്ക് അയച്ച രാജിക്കത്തിൽ അവർ ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഭാര്യയായതിനാൽ പെട്രോൾ പമ്പിൽ പോലും ജോലി ചെയ്യാനാവില്ല. എങ്കിൽ അതു സുധാകരന്റെ പെട്രോൾ പമ്പാണെന്നു പ്രചരിപ്പിക്കും. മതിയായ യോഗ്യതയില്ലാതെയാണു തനിക്കു നിയമനം തന്നതെങ്കിൽ യോഗ്യത നിശ്ചയിച്ച സർവകലാശാല അധികൃതരാണു മറുപടി നൽകേണ്ടതെന്നും ജൂബിലി നവപ്രഭ അറിയിച്ചു.

കേരള സർവകലാശാലയിലെ സ്വാശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി ജൂബിലി നവപ്രഭയെ നിയമിക്കുന്നതിനു വഴിയൊരുങ്ങിയതു സർവകലാശാലാ ബജറ്റ് മുതലാണ്. ഈ നീക്കത്തിനു തുടക്കമിട്ടതു സിപിഎം പ്രതിനിധികളായ സിൻഡിക്കറ്റ് അംഗങ്ങളും. മാനേജ്മെന്റ്, എജ്യുക്കേഷൻ, ടെക്നോളജി എന്നീ സ്വാശ്രയ വിഭാഗങ്ങൾക്ക് ഓരോന്നിനും നിലവിൽ ഡയറക്ടർമാർ ഉണ്ടായിരുന്നു. സർവകലാശാലയിൽ ജോലിചെയ്യുന്ന മുതിർന്ന പ്രഫസർമാരെയാണ് ഈ തസ്തികയിൽ നിയമിച്ചിരുന്നത്.

എന്നാൽ കഴിഞ്ഞ സർവകലാശാലാ ബജറ്റിൽ മൂന്നു വിഭാഗവും ഒരു കുടക്കീഴിലാക്കി ഏക ഡയറക്ടറാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴയിലെ സിപിഎം നേതാവും ഫിനാൻസ് കമ്മിറ്റി കൺവീനറുമായ കെ.എച്ച്.ബാബുജാനാണു ബജറ്റ് അവതരിപ്പിച്ചത്. ഒരു മാറ്റം കൊണ്ടുവരുന്നുവെന്നല്ലാതെ, ആർക്കെങ്കിലുമുള്ള വഴിയൊരുക്കമാണെന്ന് അന്ന് ആരും കരുതിയില്ല.

തുടർന്നു സ്വാശ്രയ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള കമ്മിറ്റി ചേർന്നു ബജറ്റ് തീരുമാനം നടപ്പാക്കണമെന്നു സിൻഡിക്കറ്റിനു ശുപാർശ നൽകി. തുടർന്നാണു നിയമന നടപടി ആരംഭിച്ചത്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, വകുപ്പു മേധാവി തസ്തികകളിൽനിന്നു വിരമിച്ചവരായിരിക്കണം ഡയറക്ടറായി അപേക്ഷിക്കേണ്ടതെന്നു നിശ്ചയിച്ചു. സർവകലാശാലാ ചട്ടങ്ങളനുസരിച്ചു വൈസ് പ്രിൻസിപ്പൽ, വകുപ്പു മേധാവി എന്നീ പദവികളില്ല. കോളജുകൾ അവിടത്തെ ഭരണസൗകര്യാർഥം സ്വന്തം നിലയ്ക്കു നൽകുന്ന സ്ഥാനമാണിത്. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ ഉൾപ്പെടെ എട്ടുപേരാണു ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷിച്ചത്. ആലപ്പുഴ എസ്ഡി കോളജിൽ വൈസ് പ്രിൻസിപ്പലും കൊമേഴ്സ് അധ്യാപികയുമായിരുന്നു ഇവർ.

മാനേജ്മെന്റ്, എജ്യുക്കേഷൻ, ടെക്നോളജി വിഭാഗങ്ങളെ നയിക്കാൻ കൊമേഴ്സ് അധ്യാപികയെ നിയമിക്കുന്നതിലെ യുക്തിയെക്കുറിച്ചു സർവകലാശാലയിലെ ചില ഉന്നതോദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചു. നിലവിലുള്ള മൂന്നു ഡയറക്ടർമാർക്കും മതിയായ യോഗ്യതയുണ്ടെന്നും അവർ അനൗദ്യോഗികമായി പറഞ്ഞു. ഡയറക്ടർക്കു സർവകലാശാല നിശ്ചയിച്ച യോഗ്യതകളുണ്ട് എന്നതു മാത്രം പരിഗണിച്ചാൽ മതിയെന്നു സിപിഎം സിൻഡിക്കറ്റ് അംഗങ്ങൾ നിർദേശിച്ചു. തുടർന്ന് അഭിമുഖം നടത്തി ജൂബിലി നവപ്രഭയെ നിയമിക്കുകയായിരുന്നു.

related stories