Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രഥയാത്ര തടഞ്ഞാൽ തലയിൽ ചക്രം കയറ്റും: ഭീഷണിയുമായി ബിജെപി വനിതാ നേതാവ്

locket-chatterjee ലോക്കറ്റ് ചാറ്റർജി

കൊൽക്കത്ത ∙ ബിജെപിയുടെ രഥയാത്രയ്ക്ക് ആരു തടസ്സം നിന്നാലും അവരുടെ തല രഥചക്രത്തിനടിയിൽ ചതഞ്ഞരയുമെന്നു ബിജെപി നേതാവ് ലോക്കറ്റ് ചാറ്റർജി. ശനിയാഴ്ച മാൾഡ ജില്ലയിൽ നടന്ന പൊതുപരിപാടിയിലെ പ്രസംഗത്തിനിടെയാണ് മുൻ നടിയും ബംഗാളിലെ ബിജെപി വനിതാ വിഭാഗം അധ്യക്ഷയുമായ ലോക്കറ്റിന്റെ വിവാദ പരാമർശം. സംസ്ഥാനത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിനു വേണ്ടിയാണ് ബിജെപി രഥയാത്ര സംഘടിപ്പിക്കുന്നത്. അതിനു തടസ്സം നിൽക്കുന്ന ആരുടെ തലയും രഥത്തിന്റെ അടിയിൽ കിടന്നു തകരും – ലോക്കറ്റ് ചാറ്റർജി പറഞ്ഞു.

ഡിസംബർ 5, 6, 7 തീയതികളിലാണ് ബംഗാളിൽ ബിജെപിയുടെ നേതൃത്വത്തിൽ രഥയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 42 ലോക്സഭാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന യാത്ര ദേശീയ അധ്യക്ഷൻ അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. യാത്രയുടെ സമാപനത്തിൽ കൊൽക്കത്തയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്നതിനു വേണ്ടിയാണ് ബിജെപി നേതാക്കൾ പ്രകോപനപരമായ പരാമർശങ്ങൾ നടത്തുന്നതെന്നു തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പാർഥാ ചാറ്റർജി പറഞ്ഞു. ‘ബംഗാളിൽ വർഗീയ അജൻഡ നടപ്പാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ ഇവിടുത്തെ ജനങ്ങൾ ഈ വിഭാഗീയ രാഷ്ട്രീയത്തെ തോൽപ്പിക്കും’. – പാർഥ പറഞ്ഞു.

വിവാദ പരാമർശങ്ങളുടെ പേരിൽ ലോക്കറ്റ് ചാറ്റർജി മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ, അസമിലെ പോലെ ബംഗാളിലും പൗരത്വ റജിസ്റ്റർ വേണമെന്നു പറഞ്ഞത് വിവാദമായിരുന്നു. സംസ്ഥാനത്തേക്ക് ബംഗ്ലദേശിൽനിന്ന് നിരവധി ആളുകൾ അതിക്രമിച്ചു കയറുന്നുവെന്നും ഇവർ വിവിധ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമായിരുന്നു ലോക്കറ്റിന്റെ പരാമർശം. ഇതു സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. 2016–ൽ തിരഞ്ഞെടുപ്പിനിടെ ബൂത്ത് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനു ലോക്കറ്റിനെതിരെ കേസെടുത്തിരുന്നു.

related stories