Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിഷയത്തിൽ മൗനം പാലിക്കുന്നതെന്ത്: പ്രധാനമന്ത്രിയോട് ജിഗ്നേഷ് മേവാനി

Jignesh Mevani

കാസർകോട്∙ ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. കോടതി വിധി അംഗീകരിക്കാതെ ദര്‍ശനത്തിന് എത്തുന്ന യുവതികളെ തടയുന്നത് അര്‍എസ്എസിന്റെയും ബിജെപിയുടേയും വിവരമില്ലായ്മയാണു കാണിക്കുന്നത്. നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ കാസര്‍കോട് നിന്നാരംഭിച്ച പദയാത്രയില്‍ സംസാരിക്കുമ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയുടെ പ്രതികരണം.

സ്ത്രീകളുടെ പുരോഗതിക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് ശബരിമലയിലെ യുവതീപ്രവേശ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നായിരുന്നു യുവനേതാവിന്റെ ചോദ്യം. മുത്തലാഖ് വിലക്കുന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു പറയുന്ന ബിജെപി ശബരിമലവിഷയത്തില്‍ കോടതി വിധി അംഗീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം സംരക്ഷിക്കുക, പ്രകൃതിയെ വീണ്ടെടുക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് നാളത്തെ ലോകം നമ്മുടേത് എന്ന യുവജന കൂട്ടായ്മ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കുന്ന അഥിന സുന്ദര്‍ യാത്ര നയിക്കും. വയനാടൊഴിച്ചുള്ള ജില്ലകളിലെ പര്യടനത്തിനുശേഷം അടുത്ത മാസം 20ന് തിരുവനന്തപുരത്താണു സമാപനം. സമൂഹ്യപ്രവര്‍ത്തക മേധാ പട്ക്കര്‍ ഫ്ലാഗ്ഓഫ് ചെയ്തു. ഊരാളി ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.

related stories