Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ആചാരങ്ങളിൽ ഇടപെടില്ല; സുരക്ഷ ഉറപ്പാക്കുമെന്നു സർക്കാർ ഹൈക്കോടതിയിൽ

sabarimala-kodimaram

കൊച്ചി∙ ശബരിമല‌ ആചാരങ്ങളിൽ ഇടപെടില്ലെന്നു സർക്കാർ. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സുരക്ഷാ കാര്യങ്ങളിൽ മാത്രമെ ഇടപെടുകയുള്ളു. ശബരിമലയിൽ എത്തുന്ന യഥാർഥ ഭക്തരെ തടയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സുഗമമായ തീർഥാടനം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ക്ഷേത്രകാര്യങ്ങളിൽ മുഖ്യമന്ത്രി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. സുരക്ഷാ കാര്യങ്ങളിൽ മുഖ്യമന്ത്രി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. സ്ത്രീകളുടെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കാനും സർക്കാരിന് ഉത്തരവാദിത്വമുണ്ട്. 

ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്കു പ്രവേശനം അനുവദിക്കരുത്, ശബരിമലയുടെയും ദേവസ്വം ബോർഡിന്റെയും കാര്യങ്ങളിൽ സർക്കാരിന്റെ അനാവശ്യ ഇടപെടൽ ഒഴിവാക്കണം എന്നീ ആവശ്യങ്ങളിൽ ഉന്നയിച്ചു സമർപ്പിച്ച ഹർജികളിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.

ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നു മുമ്പു ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.  ബോര്‍ഡിനുമേല്‍ അധികാരം പ്രയോഗിക്കരുതെന്നും ക്രമസമാധാന പാലനത്തിനായി ഇടപെടുന്നതിനു ന്യായീകരണമുണ്ടെന്നും കോടതി അറിയിച്ചിരുന്നു.