Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദീബിന്റെ രാജി സ്വീകരിച്ച് ന്യൂനപക്ഷ കോർപ്പറേഷൻ; കത്ത് സർക്കാരിന് കൈമാറി

K.T. Jaleel

തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു കെ.ടി.അദീബിന്റെ രാജി ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സ്വീകരിച്ചു. തുടർനടപടികൾക്കായി സർക്കാരിന് കത്തു കൈമാറിയെന്ന് ചെയർമാൻ അറിയിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി കാണിച്ച് ഇന്നലെയാണ് അദീബ് കത്തുനൽകിയത്. രാജി സന്നദ്ധത അറിയിച്ച് അദീബ് ഇന്നലെ കോർപറേഷൻ മാനേജിങ് ഡയറക്ടർ വി.കെ. അക്ബറിന് ഇമെയിൽ സന്ദേശം അയയ്ക്കുകയായിരുന്നു. മാതൃസ്ഥാപനമായ സൗത്ത് ഇന്ത്യൻ ബാങ്കിലേക്കു മടങ്ങിപ്പോകാൻ അനുവദിക്കണമെന്നായിരുന്നു അദീബിന്റെ ആവശ്യം.

അദീബിനെ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗാണ് ആരോപണവുമായി രംഗത്തിറങ്ങിയത്. തെളിവുകൾ നിരത്തി മന്ത്രിയും കോർപറേഷനും അദീബിന്റെ നിയമനത്തെ സാധൂകരിക്കാൻ ശ്രമിച്ചെങ്കിലും ദിവസേന അദ്ദേഹത്തിനെതിരെയുള്ള കൂടുതൽ പരാതികൾ പുറത്തുവന്നു. അർഹരായവരെ തഴഞ്ഞാണ് അദീബിനെ നിയമിച്ചതെന്നും അദ്ദേഹത്തിന്റെ ബിസിനസ് അഡ്മിനിസ്ട്രേഷൻ യോഗ്യതയ്ക്ക് കേരളത്തിൽ അംഗീകാരമില്ലെന്നുമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ജനറൽ മാനേജരായി അദീബിനെ നിയമിക്കും മുൻപു വിജിലൻസ് ക്ലിയറൻസ് വാങ്ങിയിരുന്നില്ല. സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്ന് ഒരു സർക്കാർ സ്ഥാപനത്തിലേക്കു ഡപ്യൂട്ടേഷൻ നിയമനം നൽകിയതിന്റെ സാധുതയും ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മന്ത്രി ജലീലിന്റെ പിതാവിന്റെ അർധസഹോദരന്റെ മകന്റെ മകനാണ് അദീബ്. താനുമായി അകന്ന ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്നും കാര്യങ്ങൾ സുതാര്യമാണെന്നുമായിരുന്നു ആദ്യം മുതലേ മന്ത്രിയുടെ നിലപാട്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യൂത്ത് ലീഗ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാജിസന്നദ്ധതയുമായി അദീബ് രംഗത്തുവന്നത്.

related stories