Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടപടി നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കണം: ശ്രീലങ്കയിൽ കോടതി കയറി രാഷ്ട്രീയ കക്ഷികൾ

Mahinda-Rajapaksa-Maithripala-Sirisena-Ranil-Wickramasinghe മഹിന്ദ രാജപക്ഷെ, മൈത്രിപാല സിരിസേന, റനിൽ വിക്രമസിംഗെ

കൊളംബോ∙ ശ്രീലങ്കയിൽ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു പ്രതിപക്ഷ കക്ഷികൾ‌. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗവും സുപ്രീംകോടതിയിൽ‌ ഹർജി നൽകി. സ്ഥാനം നഷ്ടമായ മുൻ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനൽ പാർട്ടി, മുഖ്യപ്രതിപക്ഷമായ തമിഴ് നാഷണൽ അലയൻസ്, പീപ്പിൾ‌സ് ലിബറേഷൻ ഫ്രണ്ട് ഉൾപ്പെടെ രാജ്യത്തെ പത്ത് കക്ഷികളാണ് സുപ്രീംകോടതിയിലെത്തിയത്.

പ്രസിഡന്റിന്റെ നടപടി നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗമായ രത്നജീവൻ ഹൂലെയും സമാനമായ ആവശ്യം ഉന്നയിച്ച് ശ്രീലങ്കൻ സുപ്രീംകോടതിയിലെത്തി. ഹര്‍ജികളിലെ വാദം കേൾക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിയതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം 26ന് റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയ സിരിസേന പ്രതിപക്ഷ നേതാവായ മഹീന്ദ രാജപക്ഷെയെയാണു പകരം നിയമിച്ചത്. രാജപക്ഷെയ്ക്കു ഭൂരിപക്ഷം ലഭിക്കില്ലെന്നു വ്യക്തമായതോടെ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിന് ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. 2020 ഓഗസ്റ്റ് വരെയായിരുന്നു നിലവിലുള്ള പാർലമെന്റിന്റെ കാലാവധി.

related stories