Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെയ്യാറ്റിൻകര സനൽ വധം: ഡിവൈഎസ്പി ഹരികുമാർ വീട്ടില്‍ മരിച്ച നിലയിൽ

DySP Harikumar ഡിവൈഎസ്പി ഹരികുമാർ (ഫയൽ ചിത്രം)

തിരുവനന്തപുരം∙ നെയ്യാറ്റിൻകര സനൽ കൊലപാതകത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലം വെയിലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. തമിഴ്നാട്ടിൽ ഒളിവിലാണെന്ന സംശയത്തിൽ തിരച്ചിൽ തുടരുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ അമ്മയാണ് മൃതദേഹം രാവിലെ കണ്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്.

Read in English: Neyyattinkara murder: Accused DySP Harikumar commits suicide

ഈ മാസം അഞ്ചാം തീയതി രാത്രി കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.

DYSP Harikumar home ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്.

ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.