Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി; ആദ്യ സർവീസ് അബുദാബിക്ക്

kannur-airport-grafiti

തിരുവനന്തപുരം / കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് തുടങ്ങി. അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമാണു ബുക്കിങ് തുടങ്ങിയപ്പോഴുള്ള നിരക്ക്. ഉദ്ഘാടന ദിനമായ ഡിസംബർ 9ന് കണ്ണൂർ വിമാനത്താവളത്തിൽ നാലു രാജ്യാന്തര സർവീസുകളാണുണ്ടാവുക. പിറ്റേന്ന് 6 സർവീസുകളും. 

അബുദാബിക്കു പുറമെ മസ്ക്കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കും സർവീസുകൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ദുബായിലേക്കു ജനുവരിയോടെ പ്രതിദിന സർവീസ് തുടങ്ങാനും എയർ ഇന്ത്യ എക്സപ്രസിനു പദ്ധതിയുണ്ട്.

അബുദാബിയിലേക്കും റിയാദിലേക്കുമാണ് ഡിസംബർ 9നു കണ്ണൂരിൽ നിന്നു വിമാനം പറക്കുക. കണ്ണൂരിലേക്ക് അബുദാബിയിൽ നിന്നും ഷാർജയിൽ നിന്നും അന്നു സർവീസുകളുണ്ട്. ഉദ്ഘാടനത്തിന്റെ ഭാഗമായി രാവിലെ 10ന് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുന്ന വിമാനം യുഎഇ സമയം 12.30നു അബുദാബിയിലെത്തും. തിരിച്ച് യുഎഇ സമയം ഉച്ചയ്ക്കു 2.30നു പുറപ്പെട്ട് രാത്രി 8ന് കണ്ണൂരിലെത്തും. 

ഞായർ, ബുധൻ, ശനി ദിവസങ്ങളിലാണ് അബുദാബി സർവീസ്. ഉദ്ഘാടന ദിവസം മാത്രമായിരിക്കും അബുദാബിയിലേക്കുള്ള വിമാനം രാവിലെ 10നു പുറപ്പെടുക. ‌തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 9നായിരിക്കും കണ്ണൂരിൽ നിന്നു വിമാനം പുറപ്പെടുക. നാലു മണിക്കൂറാണ് അബുദാബിയിലേക്കുള്ള പറക്കൽ സമയം.

റിയാദിലേക്കുള്ള വിമാനം രാത്രി 9.05നു പുറപ്പെട്ട് റിയാദ് സമയം രാത്രി 11.30നു റിയാദിലെത്തും.

10ന് മസ്കറ്റിലേക്കും ദോഹയിലേക്കും തിരിച്ചും സർവീസുകളുണ്ടാവും. രാത്രി 8.20 നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് ദോഹ സമയം രാത്രി 10ന് ദോഹയിലെത്തുന്ന തരത്തിലും ദോഹ സമയം രാത്രി 11നു ദോഹയിൽ നിന്നു പുറപ്പെട്ട് പിറ്റേന്നു പുലർച്ചെ 5.45നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. ഞായർ, തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണു ദോഹ സർവീസ്. 4.10 മണിക്കൂറാണ് ദോഹയിലേക്കുള്ള സമയം.

10നു രാവിലെ 9ന് കണ്ണൂരിൽ നിന്നു പുറപ്പെട്ട് മസ്ക്കറ്റ് സമയം 11.15നു മസ്ക്കറ്റിൽ എത്തുന്ന തരത്തിലും തിരികെ മസ്ക്കറ്റിൽ നിന്നു 12.15നു പുറപ്പെട്ട് വൈകിട്ട് 5.30നു കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസുകൾ.  ഞായർ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണു മസ്ക്കറ്റ് സർവീസ്. 3.45 മണിക്കൂറാണ് ഈ റൂട്ടിൽ പറന്നെത്താനുള്ള സമയം.

ഷാർജ സമയം രാത്രി ഏഴിന് ഷാർജയിൽ നിന്നു പുറപ്പെട്ട് രാത്രി 12.10നു കണ്ണൂരിലെത്തുന്ന തരത്തിലും പുലർച്ചെ 1.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് ഷാർജ സമയം 3.40നു ഷാർജയിൽ എത്തുന്ന തരത്തിലുമാണ് ഷാർജ സർവീസ്. ഉദ്ഘാടനശേഷം തുടർന്നുള്ള എല്ലാ ദിവസങ്ങളിലും ഷാർജ സർവീസുണ്ടാകും.