Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിന്റെ ഭാര്യയുടെ സ്ഥാനക്കയറ്റം എൽഡിഎഫ് കാലത്ത്; വാദം പൊളിയുന്നു

K.T. Jaleel

കണ്ണൂർ∙ തന്റെ ഭാര്യയുടെ സ്ഥാനക്കയറ്റം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെന്ന മന്ത്രി കെ.ടി.ജലീലിന്റെ വാദം പൊളിയുന്നു. ജലീല്‍ തദ്ദേശസ്വയംഭരണ മന്ത്രിയായിരുന്ന സമയത്താണ് ഭാര്യ ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്എസ്എസ് പ്രിന്‍സിപ്പലായി നിയമിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നു. സീനിയോരിറ്റി മറികടന്നാണ് ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചതെന്നായിരുന്നു ആരോപണം.

വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പ്രിന്‍സിപ്പലായി എം.പി. ഫാത്തിമക്കുട്ടിയെ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത് യു.ഡി.എഫ് കാലത്താണെന്നു പറഞ്ഞാണ് കഴിഞ്ഞദിവസം മന്ത്രി കെ.ടി ജലീല്‍ ആരോപണത്തെ പ്രതിരോധിച്ചത്. എന്നാല്‍ ഈ വാദം തെറ്റാണെന്നു രേഖകള്‍ വ്യക്തമാക്കുന്നു. സ്കൂള്‍ മാനേജര്‍ അപ്പോയിന്‍മെന്റ് ഓ‍ഡര്‍ നല്‍കിയത് 2016 മേയ് ഒന്നിനായിരുന്നു. എന്നാല്‍ ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലായി നിയമിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി പ്രാദേശിക ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയതു ജലീല്‍ മന്ത്രിയായ ശേഷം 2016 ജൂലൈ 26നാണ്.

ഫാത്തിമക്കുട്ടി അധ്യാപികയായി സ്കൂളില്‍ നിയമിതയായ 1998 ഓഗസ്റ്റ് 27ന് തന്നെ വി.കെ.പ്രീത എന്നായാള്‍ക്കും നിയമനം ലഭിച്ചിരുന്നു. ഒരേദിവസം സര്‍വീസില്‍ കയറിയ രണ്ടുപേര്‍ ഉണ്ടെങ്കില്‍ ചട്ടപ്രകാരം പ്രായത്തില്‍ മൂത്തയാളെ പ്രിന്‍സിപ്പലാക്കണം. പ്രായത്തില്‍ മൂത്തയാളെ ഒഴിവാക്കി ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലാക്കിയത് മന്ത്രി ജലീലിന്റെ സ്വാധീനത്തിലാണെന്നാണ് ആരോപണം. ഫാത്തിമക്കുട്ടിയെ പ്രിന്‍സിപ്പലാക്കുന്നതു ചട്ടലംഘനമാണ് എന്ന പരാതികള്‍ അവഗണിച്ചാണ് ഉത്തരവ് ഇറക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.

related stories