Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമനം: ജലീലിനെ പരോക്ഷമായി വിമർശിച്ച് തഴയപ്പെട്ട ഉദ്യോഗാർഥി

KT Jaleel കെ.ടി. ജലീൽ (ഫയൽ ചിത്രം)

കോട്ടയം∙ ബന്ധു നിമയമനത്തിൽ മന്ത്രി കെ.ടി. ജലീലിനെ പരോക്ഷമായി വിമർശിച്ചു ഫെയ്സ്ബുക് പോസ്റ്റുമായി ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ തസ്തികയിൽ തഴയപ്പെട്ട ഉദ്യോഗാർഥി. മലപ്പുറം കുറ്റിപ്പുറം സ്പിന്നിങ് മില്ലിലെ ജീവനക്കാരനും അപേക്ഷാർഥികളിൽ ഒരാളുമായ സഹീർ കാലടിയാണു ഫെയ്സ്ബുക് പോസ്റ്റുമായി രംഗത്തെത്തിയത്. ബന്ധു നിയമന വിവാദം ഉയർന്നതു മുതൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ മറുപടികൾ ഉദ്യോഗാർഥിയെ അപമാനിക്കുന്നതു പോലെയാണെന്നു പരാതി ഉയർന്നിരുന്നു. അതേസമയം, ഫെയ്സ്ബുക് പോസ്റ്റിൽ ചില പ്രത്യേക കാരണങ്ങളാൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു പറയുന്നുണ്ട്. നിയമനം മന്ത്രിബന്ധുവിനു വേണ്ടിയാണെന്നു തിരിച്ചറിഞ്ഞു പിൻമാറിയതാണെന്നാണു സൂചന.

സഹീറിന്റെ ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്

ഏതൊരു ഉദ്യോഗാർഥിയെയും പോലെ അതീവ ആഗ്രഹത്തോടെയാണു ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷ അയച്ചത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് 2016 ഒക്ടോബറിൽ നടത്തിയ നിയമനത്തിൽ പങ്കെടുത്തില്ല. കൂടിക്കാഴ്ചയിൽ പങ്കെടുക്കാത്ത എന്നെയും എന്റെ സ്ഥാപനത്തെയും അവഹേളിക്കാൻ നിരന്തരം ശ്രമം നടന്നു. പ്രവൃത്തിപരിചയമുള്ളവർക്കു മാത്രം ലഭിക്കുന്ന ഉന്നത നിലവാരമുള്ള സ്ഥാപനങ്ങൾ പോലും നടത്തുന്ന എക്സിക്യൂട്ടീവ് എംബിഎ നിലവാരമില്ലാത്ത വെറും വിദൂര വിദ്യാഭ്യാസ യോഗ്യതയായി മാറി. എംകോം ഫിനാൻ‍സ് വരെ യോഗ്യത നേടിയതു സർക്കാർ കോളജിലും എയ്ഡഡ് കോളജിലുമാണ്. അർഹതയുണ്ടെങ്കിൽ എന്നെങ്കിലും പുതിയ അവസരങ്ങൾ കിട്ടുമായിരിക്കും. ഇപ്പോൾ 38 വയസ്സായി. ഇനിയും മെറിറ്റിലൂടെ പുതിയ ജോലി അവസരങ്ങൾക്കുള്ള എഴുത്ത് പരീക്ഷകളിലും ഇന്റർവ്യൂവിലും പങ്കെടുത്തു കൊണ്ടിരിക്കും. വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുത് എന്നൊരു അപേക്ഷയുണ്ട്.

related stories