Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹരികുമാർ എങ്ങനെ കല്ലമ്പലത്തെത്തി?; ചോദ്യങ്ങൾ നിരവധി

DySP Harikumar

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ സനൽകുമാറിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത നടുക്കത്തോടെയാണു കേരളം കേട്ടത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി അരിച്ചു പെറുക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. എന്നാൽ ഇതോടെ കേസ് അടഞ്ഞ അധ്യായമാകില്ല.

ഹരികുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു ജനകീയ സമരസമിതി തന്നെ ആദ്യം രംഗത്തെത്തി. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്നു ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

നാടു മുഴുവൻ തിരച്ചിൽ നടക്കുമ്പോൾ എങ്ങനെ ഹരികുമാർ ആരോരുമറിയാതെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണു നാട്ടുകാരുടെ ചോദ്യം. കർണാടക, തമിഴ്നാട് അതിർത്തികളിലൂടെ ഹരികുമാർ സഞ്ചരിക്കുന്നതായി അന്വേഷണസംഘം തന്നെ പറഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറുകൾ മാറ്റിയും മൊബൈൽ ഫോൺ സിം അടിക്കടി മാറ്റിയും ഹരികുമാർ അന്വേഷണ സംഘത്തെ വിദഗ്ധമായി കബളിപ്പിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇങ്ങനെ നാടെങ്ങും വലവിരിച്ചിട്ടും ഹരികുമാർ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണു സമരസമിതിയുടെയും നാട്ടുകാരുടെയും ചോദ്യം. പൊലീസിൽ തന്നെയാണ് ഒറ്റുകാരെന്നും ആരോപണമുണ്ട്. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണു ഹരികുമാറെന്ന് മറന്നുകൂടെന്നും ഇവർ ഓർമിപ്പിക്കുന്നു.

കൃത്യമായി ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു. സനലിന്റെ മരണത്തിനുശേഷം കല്ലമ്പലത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടുകാർ മറ്റെങ്ങോട്ടോ താമസവും മാറിയിരുന്നു.