Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധിയും പൊലീസ് നിയന്ത്രണവും: ലേലത്തുക കിട്ടില്ലെന്ന ആശങ്കയിൽ വ്യാപാരികൾ

Sabarimala

ശബരിമല ∙ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കു ശേഷമുള്ള അനിഷ്ട സംഭവങ്ങളെ തുടർന്നു പ്രതിസന്ധിയിലായ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ലേലങ്ങൾ പുനഃരാരംഭിക്കും. 220 ഇനങ്ങളിലാണു ലേലം നിശ്ചയിച്ചത്. അതിൽ 74 ഇനങ്ങളിൽ ലേലം നടന്നു. സന്നിധാനത്ത് 24 മണിക്കൂറിൽ കൂടുതൽ തീർഥാടകരെ തങ്ങാൻ അനുവദിക്കില്ലെന്നു പൊലീസിന്റെ കർശന നിയന്ത്രണം വന്നതോടെ കെട്ടിവയ്ക്കുന്ന ലേലത്തുക പോലും കിട്ടില്ലെന്ന വിലയിരുത്തലിൽ പലരും പണം അടച്ചിട്ടുമില്ല.

ലേലത്തുകയിൽ പകുതി അടച്ചതു തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ടു കടക്കാർ ദേവസ്വം ബോർഡിനെ സമീപിച്ചതോടെയാണു ലേലം പ്രതിസന്ധിയിലായത്. ന‌ടക്കാതെ പോയ മുഴുവൻ ലേലങ്ങളും ബുധനാഴ്ച നടത്താനാണു ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. പമ്പയിൽ പ്രളയത്തിൽ തകർന്ന കെട്ടിടങ്ങളിലെ ഒൻപത് ഹോട്ടലുകളും മൂന്ന് ലഘുഭക്ഷണശാലകളും ലേലം ചെയ്യും. ഇതിൽ പമ്പയിലെ ഹോട്ടൽ സമുച്ചയത്തിന്റെ കുറെ ഭാഗം വെള്ളപ്പൊക്കത്തിൽ ഒഴുകിവന്ന തടികൾ ഇടിച്ചുനശിച്ചതാണ്.

ഇത്തവണ പതിനെട്ടാംപടിക്കൽ അടിക്കുന്ന നാളികേരം ആറ് കോടി രൂപയ്ക്കാണു ലേലത്തിൽ പോയത്. അതിന്റെ കരാറുകാരനും നഷ്ടം ഭയന്നു തുക അടയ്ക്കാതെ വിട്ടുനിൽക്കുകയാണ്. പുഷ്പാഭിഷേകം 1.66 കോടി രൂപയ്ക്കാണു ലേലത്തിൽ പിടിച്ചത്. വഴിപാടുകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉള്ളതിനാൽ പുഷ്പാഭിഷേകം കുറയുമെന്നാണു വിലയിരുത്തൽ. അതിനാൽ ലേലത്തുക അടച്ചിട്ടില്ല. ഇവയൊന്നും പുനർലേലത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ശുചീകരണ യജ്ഞമില്ല

നടതുറക്കും മുൻപ് സന്നിധാനവും പമ്പയും ശരണവഴികളും വൃത്തിയും വെടിപ്പുമുള്ളതാക്കാനുള്ള ശുചീകരണ യജ്ഞം ഇക്കുറിയില്ല. മാതാ അമൃതാനന്ദമയി മഠത്തിന്റെ സഹകരണത്തോടെ 10 വർഷമായി നടക്കാറുള്ള ശുചീകരണമാണു സർക്കാർ വേണ്ടെന്നുവെച്ചത്. പകരം സംവിധാനവും ഒരുക്കിയില്ല. ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും ശുചീകരണ യജ്ഞത്തിനായി എല്ലാ വർഷവും അമൃതാനന്ദമയി മഠത്തിന്റെ  സഹകരണം തേടാറുണ്ട്.

നടതുറക്കും മുൻപു വലിയ ശുചീകരണത്തിനു പകരം സംവിധാനം ഒരുക്കിയിട്ടുമില്ല. ജില്ലാ കലക്ടർ ചെയർമാനായ ശബരിമല സാനിട്ടേഷൻ സൊസൈറ്റിയ്ക്കാണു ശുചീകരണചുമതല. അയ്യപ്പ സേവാസംഘത്തിന്റെ സഹകരണത്തോടെ തമിഴ്നാട്ടിൽനിന്നു വിശുദ്ധി സേനാംഗങ്ങളെ തീർഥാടന കാലത്തേക്കു നിയോഗിക്കാറുണ്ട്. ഇവരെ എത്തിച്ചു ശുചീകരണം നടത്തുന്നതിനുള്ള ക്രമീകരണവും ചെയ്തിട്ടില്ല.