Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിളക്കുട്ടിക്ക് സ്കൂളിൽ പോകണ്ട; സ്വപ്നങ്ങളിലേക്ക് വഴികാട്ടി അച്ഛനമ്മമാർ

സിബി നിലമ്പൂർ‌
Nila-4 നിള

കൊച്ചി∙ നിളപോലെ ഒഴുകുകയാണ് ഈ ഒമ്പതുവയസുകാരിയുടെ സ്വപ്നങ്ങൾ. പാഠപുസ്തകങ്ങളിൽ തളച്ചിടാത്ത, വർണങ്ങളും യാത്രകളും കൂട്ടുകൂടലുകളും എല്ലാമായി ഇങ്ങനെ ഒഴുകുന്നു നിള; നിളയെന്നാൽ നിള സ്റ്റേസി ജോൺസ്. ആറ് ചിത്രപ്രദർശനങ്ങൾ നടത്തി. ഈ ബിനാലെക്കാലത്ത് ഫോർട്ട് കൊച്ചിയിലെ പ്രിൻസസ് സ്ട്രീറ്റിൽ ചിത്രകാരൻ ഡെസ്മണ്ട് റിബേയ്റോയ്ക്കൊപ്പം അടുത്ത ചിത്രപ്രദർശനത്തിന് ഒരുങ്ങുകയാണ് നിള. പിന്നെ ഫെബ്രുവരിയിൽ കേരള ലളിതകലാ അക്കാദമിയിലും പ്രദർശനം. ഇപ്പോൾ ക്രിക്കറ്റാണ് മറ്റൊരു ഭ്രാന്ത്, കേരളാ വനിതാ ടീം കോച്ച് റോബിൻ മേനോനു കീഴിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അക്കാദമിയിലാണ് പരിശീലനം.

എനിക്കു സ്കൂളിൽ പോകണ്ട

Nila

എൽകെജി ക്ലാസിൽ കൊണ്ടിരുത്തിയപ്പോൾ കുറച്ചു നാൾ പോയി, പിന്നെ എനിക്കവിടിരുന്നു പഠിക്കാൻ പറ്റില്ല എന്നാണ് വീട്ടിൽ വന്ന് പറഞ്ഞത്. എങ്കിൽ സ്കൂളിൽ പോകേണ്ടെന്നു മാതാപിതാക്കളും. മക്കളെ ഡോക്ടറും എൻജിനീയറും ഐഎഎസുമെല്ലാം ആക്കാൻ എൽകെജി ക്ലാസിൽ തുടങ്ങി പുസ്തകങ്ങൾ കുത്തിത്തീറ്റിക്കുന്ന ‘ഓർഡിനറി’ മാതാ പിതാക്കളാകാനില്ലെന്ന് പിതാവ് പ്രിൻസ് ജോണും അമ്മ അനുപമയും തീരുമാനിക്കുകയായിരുന്നു.

നിളയുടെ സ്വപ്നങ്ങളിലേക്ക് വഴികാണിക്കുന്ന ഉത്തരവാദിത്തം മാത്രമാണ് മാതാപിതാക്കൾ ഏറ്റെടുത്തിട്ടുള്ളത്. സ്കൂളിൽ വിടുന്നില്ല എന്നു തീരുമാനിച്ചപ്പോൾ പിന്നെ എങ്ങനെ പഠിപ്പിക്കും എന്ന ചോദ്യമായി. ഒരു എൽഎൽബിക്കാരിക്കു പഠിപ്പിക്കാനുള്ളതൊക്കെയേ ഈ പാഠപുസ്തകങ്ങളിലുള്ളൂ എന്ന് പ്രിൻസ് പറഞ്ഞപ്പോൾ അനുപമ അതേറ്റെടുത്തു. പിന്നെ കാണുന്നതിൽ നിന്നും കേൾക്കുന്നതിൽ നിന്നുമെല്ലാം പഠിക്കേണ്ടതെങ്ങനെയെന്നു നിളയെ പഠിപ്പിച്ചത് പ്രിൻസാണ്. യാത്രകൾ, ചുമ്മാ ട്രെയിൻ കയറിയുള്ള കുടുംബ യാത്രകൾ. എത്തുന്ന സംസ്ഥാനങ്ങളിൽ അരികുവൽകരിക്കപ്പെട്ട കുടുംബങ്ങളിലേയ്ക്ക് കടന്നു ചെല്ലുന്നു. അവരിൽ ഒരാളാകുന്നു. ഈ യാത്രകൾക്കിടെയാണ് അവൾ കുഞ്ഞായിരിക്കുമ്പോൾ അക്ഷരമാലകളും കൂട്ടിവായിക്കാനും പഠിക്കുന്നതും. ഇടയ്ക്ക് കൂട്ടുകാരുടെ അമ്മമാർ ടീച്ചർമാരാകും. സ്കൂൾ സിലബസ് അത്ര മോശമല്ലാതെ പിന്തുടരാൻ ശ്രമിക്കുന്നുണ്ട്. പത്താം ക്ലാസ് പ്രായത്തിൽ പരീക്ഷ എഴുതാനാണ് തീരുമാനം. അതുവരെ പഠിച്ചുകൊണ്ടിരിക്കും.

ഇഷ്ടമുള്ളത് പഠിക്കട്ടെ

Nila

മക്കളുടെ ഇഷ്ടവും കഴിവുള്ള മേഖലയും തിരിച്ചറിയുന്നിടത്താണ് പലപ്പോഴും മാതാപിതാക്കൾ പരാജയപ്പെടുന്നത്. അങ്ങനെ ഒരു പരാജയം വരാതിരിക്കാനാണ് തങ്ങൾ അവളെ കരാട്ടെ മുതൽ ഡാൻസും പാട്ടും വരെ പഠിക്കാൻ ഓരോ സമയത്ത് വിട്ടിട്ടുള്ളത്. ഇഷ്ടമുള്ളവ, കഴിവു തെളിയിക്കാമെന്ന് ഉറപ്പുള്ളവ അവർ തിരഞ്ഞെടുക്കട്ടെ എന്നു കരുതി. ഇപ്പോൾ കൂടുതൽ താൽപര്യം കാണിക്കുന്നത് ചിത്രം വരയ്ക്കലിലും ക്രിക്കറ്റിലുമാണ്. ഇത് മാറുമോ എന്നറിയില്ല. തുടരുന്ന അത്രനാൾ എല്ലാത്തരത്തിലും അതിനു വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയാണ് മാതാപിതാക്കളെന്ന നിലയിൽ ചെയ്യുന്നതെന്ന് അനുപമ പറയുന്നു.

പടം വരയ്ക്കലോ ക്രിക്കറ്റോ ഏറെ ഇഷ്ടം?

Nila

ഇപ്പോൾ ചോദിച്ചാൽ ക്രിക്കറ്റാണെന്നു പറയും. ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്നു കയറി വന്നതേ ഉള്ളൂ. അതുകൊണ്ട് ക്രിക്കറ്റ്. പടം വരയ്ക്കൽ തലയ്ക്കു പിടിച്ചാൽ പിന്നെ അതിനോടാണ് ഇഷ്ടമേറെ – നിള പറയുന്നു.

നിള ചിത്രം വരച്ചു തുടങ്ങിയാൽ ആരും ശല്യപ്പെടുത്തരുതെന്നാണ് നിബന്ധന. ഭക്ഷണം കഴിക്കാൽ വിളിച്ചാലും ചിലപ്പോൾ ദേഷ്യപ്പെടും. നിറങ്ങളുടെ കോമ്പിനേഷനുകളിൽ അനാവശ്യ ഇടപെടലുകളോടും താൽപര്യമില്ല; ഗുരുവിന്റേതല്ലാതെ. ഒരിക്കൽ കാൻവാസിൽ വരയ്ക്കുന്നതിനിടെ കയ്യിൽ പറ്റിയ പെയിന്റ് അമ്മ അനുപമ ക്യാൻവാസിന്റെ അരികിൽ തേച്ചുവച്ചു. ഒന്നും മിണ്ടാതെ ക്യാൻവാസ് മുഴുവൻ കഴുകി ഉണങ്ങാൻ വച്ചു. ഇനി നാളെ ഞാൻ വരച്ചോളാമെന്നായി നിള. അതുകൊണ്ടു തന്നെ അവളുടെ നിറങ്ങളെ പാട്ടിനു വിടുന്നതാണ് വീട്ടുകാരുടെ പതിവ്.

ഗുസ്താവോ – മെർലിൻ സീരീസ്

ഗുസ്താവോയും മെർലിനും വീട്ടിലെ പൂച്ചകളാണ്. മറ്റുള്ളവർക്ക് അവർ കൂടെ ഉറങ്ങുകയും ഉണ്ണുകയും ചെയ്യുന്ന കരിമ്പൂച്ചയും സുന്ദരിപ്പൂച്ചയും മാത്രമാണ്. നിളയ്ക്ക് അതൊരു ബിംബമാണ്. ഇരുട്ടിലെ അവന്റെ കണ്ണുകൾ നിള കാൻവാസിലാക്കിയത് അത്ര വിദഗ്ധമായാണ്. ഇനി ഗുസ്താവോയെ വച്ചുള്ള 30 ചിത്രങ്ങളുടെ സീരീസ് ഒരുക്കാനുള്ള ശ്രമത്തിലാണ് നിള. ഇതിനിടെ നടത്തിയ ആറ് ചിത്ര പ്രദർശനങ്ങളിൽ വിറ്റുപോയത് ഒന്നര ലക്ഷം രൂപയുടെ ചിത്രങ്ങൾ. കാൻവാസുകളും പെയിന്റുകളും വാങ്ങാനും തന്റെ മറ്റ് പഠന ആവശ്യങ്ങൾക്കുമാണ് ഈ തുക ചെലവഴിക്കുന്നതെന്ന് നിള പറയുന്നു.

തലയ്ക്കു പിടിച്ച ക്രിക്കറ്റ്

Nila

അഞ്ചാം വയസിലാണ് നിള ആദ്യമായി ക്രിക്കറ്റ് ബാറ്റ് കയ്യിലെടുക്കുന്നത്. ചങ്ങനാശേരി ചന്ദ്രശേഖര സ്റ്റേഡിയത്തിൽ ഒരു കളികാണാൻ നിളയെയും കൂട്ടി പോയതാണ്. ആവേശം കണ്ട് ഗ്രൗണ്ടിലെ കുട്ടികളിലാരോ ഒരു ബാറ്റെടുത്ത് കയ്യിൽ കൊടുത്ത് ബോൾ എറിഞ്ഞു കൊടുത്തു. വീട്ടിൽ പോകണമെങ്കിൽ ഒരു ബാറ്റ് വാങ്ങണമെന്ന് വാശിയായി. ഒടുവിൽ 150 രൂപയ്ക്ക് വാങ്ങിയ ബാറ്റിലാണു തുടക്കം. ക്രിക്കറ്റിലുള്ള താൽപര്യം കണ്ട് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ സ്കൂൾ സ്പോർട്സും മറ്റും നടക്കുമ്പോൾ കൊണ്ടുപോകുന്നത് പതിവായി. ആറാം വയസിൽ സിന്തറ്റിക് ബോളിൽ പ്രാക്ടീസ്, ഏഴാം വയസിൽ ലതർ ബോളിൽ പ്രാക്ടീസ്. എട്ടാം വയസിൽ പള്ളുരുത്തി ഓപ്പൺ ഗ്രൗണ്ടിൽ ലോക്കൽ ക്ലബ് അംഗങ്ങൾക്കൊപ്പം പ്രാക്ടീസ്. പള്ളുരുത്തി ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന ചേട്ടൻമാരാണ് മിക്കപ്പോഴും രാവിലെ പ്രാക്ടീസിന് സഹായിക്കുന്നത്. ഇപ്പോൾ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അക്കാദമിയിൽ ട്രെയിനിങ്ങിലാണ് നിള.

ക്രിക്കറ്റ് കളിക്കുന്ന പെൺകുട്ടികളോ?

ക്രിക്കറ്റിൽ വലിയ സ്വപ്നങ്ങൾ കാണുന്നുണ്ട് നിള. പക്ഷെ അക്കാദമി പ്രാക്ടീസിനെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങൾ അറിയുന്നത്. ക്രിക്കറ്റിനെ ആൺകുട്ടികളുടെ കളിയായാണ് എല്ലാവരും കാണുന്നത്. അണ്ടർ 14 ക്രിക്കറ്റ് ടീമിന് കേരളത്തിൽ തന്നെ മികച്ച പരിശീലനം ലഭിച്ച പെൺകുട്ടികളില്ലെന്നതാണ് നേരിടുന്ന പ്രധാന പ്രശ്നം. അക്കാദമി ജോയിന്റ് സെക്രട്ടറി മാതാപിതാക്കളുടെ സമീപനത്തെക്കുറിച്ച് പറഞ്ഞതാണ് മറ്റൊരു തമാശയായി തോന്നിയതെന്ന് പ്രിൻസ് പറയുന്നു. പെൺകുട്ടികൾ ക്രിക്കറ്റ് കളിച്ചാൽ കറുത്തു പോകും പോലും. അത് അവരുടെ ഭാവിയെ ബാധിക്കുമത്രെ. അതുകൊണ്ട് ഈ കൊച്ചിയിൽ പോലും പെൺകുട്ടികളെ ക്രിക്കറ്റ് കളിക്കാൻ മാതാപിതാക്കൾ അയയ്ക്കുന്നില്ലെന്ന്. എന്തായാലും ആൺകുട്ടികളുടെ ഒപ്പമാണ് നിളയുടെ പ്രാക്ടീസ്.