Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ.ശശിക്കെതിരായ പരാതി സിപിഎം പ്രത്യേക സംസ്ഥാന സമിതി ചര്‍ച്ചചെയ്യും

pk-sasi-44

പാലക്കാട്∙ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി സിപിഎം പ്രത്യേക സംസ്ഥാന സമിതി ചര്‍ച്ചചെയ്യും. ഈമാസം 23നാണ് പ്രത്യേക സംസ്ഥാന സമിതി ചേരുക. പരാതിയിൽ സിപിഎം അന്വേഷണ കമ്മിഷൻ റിപ്പോർട്ട് വൈകുന്നതിനാൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ശശിയുടെ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് അടക്കമാണു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് മെയിൽ അയച്ചത്.

പാർട്ടി കമ്മിഷൻ തന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും റിപ്പോർട്ട് വൈകുകയാണ്. സമീപദിവസങ്ങളിലുണ്ടായ ചില സംഭവങ്ങൾ അന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് ആശങ്കയും നേതൃത്വത്തിന്റെ വിശ്വാസ്യതയെക്കുറിച്ചു സംശയവുമുണ്ടാക്കുന്നതാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു കോർപറേഷന്റെ തലപ്പത്തിരിക്കുന്ന സർവീസ് സംഘടനാ ഭാരവാഹി ഉൾപ്പെടെയുള്ള നേതാക്കൾ പരാതി പിൻവലിക്കാനായി സമ്മർദം ചെലുത്തുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമുണ്ട്.

പരാതി പുറത്തുവന്ന ദിവസം പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ ശശി അധ്യക്ഷനായതും ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകിയതും അന്വേഷണ കമ്മിഷൻ അംഗവുമായി രഹസ്യചർച്ച നടത്തിയെന്ന പത്രവാർത്തകളും സംശയം കൂട്ടുന്നു. അന്വേഷണ റിപ്പോർട്ട് വൈകിപ്പിക്കാനുള്ള മനഃപൂർവമായ നീക്കം പാർട്ടിയെ പ്രതിസന്ധിയിലാക്കും. ശശിയുടെ സംഭാഷണമടങ്ങിയ ഓഡിയോ സ്വയം സംസാരിക്കുന്നതാണെന്നു പറഞ്ഞാണു പരാതിക്കാരി കത്ത് അവസാനിപ്പിക്കുന്നത്.

അന്വേഷണം വേഗം പൂർത്തിയാക്കി അടുത്ത സംസ്ഥാന കമ്മിറ്റി യേ‍ാഗത്തിനു മുൻപു റിപ്പേ‍ാർട്ടു നൽകാൻ കമ്മിഷനു സംസ്ഥാന നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ.ബാലൻ, പി.കെ.ശ്രീമതി എന്നിവർ അംഗങ്ങളായ കമ്മിഷൻ രണ്ടു മാസമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതിൽ പാർട്ടിക്കുള്ളിൽ അമർഷം ശക്തമാണ്. അന്വേഷണം വേഗം പൂർത്തിയാക്കാൻ പാലക്കാട് ജില്ലാ നേതൃത്വവും ആവശ്യപ്പെട്ടതായാണു സൂചന.