Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.കെ. ശശി: പരാതി നൽകിയ വനിതാ നേതാവിനെ ഒറ്റപ്പെടുത്തിയില്ലെന്ന് ഡിവൈഎഫ്ഐ

കോഴിക്കോട് ∙ പി.കെ.ശശി എംഎൽഎയ്ക്കെതിരെ പരാതി നൽകിയ പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് സംഘടനാ നേതാക്കൾ. ഒരു പരാതി നിർഭയമായി നൽകാവുന്ന സംഘടനയാണിതെന്നും ഡിവൈഎഫ്ഐ അവരെ ഒറ്റപ്പെടുത്താത്തത് അതിന്റെ ഉദാഹരണമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.എ.റഹിമും മറ്റു നേതാക്കളും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

വനിതാ നേതാവിനെക്കുറിച്ച് മാധ്യമപ്രവർത്തകർ പറയുന്ന കാര്യങ്ങൾ അവർക്കു ലഭിക്കുന്ന കിട്ടുന്ന വിവരങ്ങളനുസരിച്ചാണെന്ന് എ.എ.റഹിം പറഞ്ഞു. ‘‘സിപിഎം നേതാവിനെക്കുറിച്ചുള്ള പരാതി സിപിഎം അന്വേഷിക്കുന്നുണ്ട്. അല്ലാതെ ഡിവൈഎഫ്ഐ നേതാവിനെക്കുറിച്ചല്ല പരാതി. നിങ്ങൾ തന്നെ റിപ്പോർട്ടു ചെയ്തല്ലോ ആ വനിതാ നേതാവ് ഇവിടെ പങ്കെടുക്കുന്നുണ്ടെന്ന്, അങ്ങനെ ഒരു പരാതി ഇത്രകണ്ട് നിർഭയമായി വേറെ എതു സംഘടനയിൽ നൽകാനാകും. ഡിവൈഎഫ്ഐ അവരെ ഒറ്റപ്പെടുത്തില്ല എന്നതിന്റെ തെളിവല്ലേ സംഘടനയുടെ ഏറ്റവും ഉയർന്ന സമ്മേളനത്തിൽ അവർ പങ്കെടുക്കുന്നത്. നിങ്ങൾ ഉന്നയിക്കുന്നതൊക്കെ ഒരു പൊതുബോധത്തിന്റെ അടിസ്ഥാനത്തിലാണ്. നിങ്ങൾ ഇത്രയും കാലത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ സംഘടനയെ ഒന്നു കൂടി നോക്കൂ. ഈ സംഘടനയുടെ ഇന്നലെകളിലേക്കു കൂടി നോക്കൂ. സ്ത്രീപക്ഷമായിരുന്നോ ഈ സംഘടനയുടെ ഇന്നലകൾ എന്നു നോക്കൂ. അല്ലാതെ ഒരു അനുഭവം പറയാമോ?’’ – റഹിം ചോദിച്ചു.

dyfi-shamseer-suraj-rahim വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്ഐ മുൻ പ്രസിഡന്റ് എ.എൻ. ഷംസീർ, മുൻ സെക്രട്ടറി എം.സ്വരാജ്, പുതിയ സെക്രട്ടറി എ.എ.റഹിം എന്നിവർ.

സംഘടനയ്ക്കുള്ളിൽ എതെങ്കിലും രേഖ നൽകി അതിൽ ഊന്നിനിന്ന് ചർച്ച ചെയ്യണമെന്ന രീതി ഇല്ലെന്ന് യുവതിയുടെ പരാതി സംബന്ധിച്ച് ചർച്ച ചെയ്തോ എന്ന ചോദ്യത്തിനു മറുപടിയായി റഹിം പറഞ്ഞു. വളരെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രക്രിയയാണ് മണിക്കൂറുകൾ നീണ്ട ചർച്ചകളിൽ ഉണ്ടാകുന്നത്. അവിടെ എന്തു ചർച്ച ചെയ്യുന്നതിനും നിയന്ത്രണമില്ലെന്നും ചിലരുടെ ആഗ്രഹത്തിനൊപ്പം അവർ ഉയരണമെന്ന് കരുതുന്നത് നിങ്ങളുടെ നിലപാട് മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. സംഘടനയ്ക്ക് ഇക്കാര്യത്തിൽ പ്രത്യക്ഷ നിലപാടെന്താണെന്ന ചോദ്യത്തിന് ആരോപണം ഉന്നയിച്ച യുവതി പ്രത്യക്ഷത്തിലുള്ള നിലപാടെടുത്തോ എന്നായിരുന്നു റഹിമിന്റെ മറുചോദ്യം.

വിളിച്ച മാധ്യമപ്രവർത്തകരോടും അവരെ ചെന്നു കണ്ട പൊലീസിനോടും യുവതി അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ സമ്മേളനത്തിലും അവർ പങ്കെടുക്കുകയല്ലേ, അവർക്ക് ഈ സംഘടനയിലുള്ള വിശ്വാസം നിങ്ങൾക്കില്ലാതെ പോകുന്നതിന് ഞങ്ങളെന്തു ചെയ്യാനെന്ന് റഹിം ചോദിച്ചു. ഞങ്ങളാരും ഇതൊന്നും ഇന്നു കൊണ്ട് അവസാനിപ്പിക്കുന്നില്ലല്ലോ എന്നും ഇനിയും നമുക്കു കാണാമെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ എ.എൻ.ഷംസീർ പറഞ്ഞു. ഡിവൈഎഫ്ഐയില്‍ പ്രായപരിധി 37 ആക്കിയിരുന്നുവെന്ന വാര്‍ത്ത നേതാക്കൾ നിഷേധിച്ചു‍. 40 ആണ് പ്രായപരിധി. 37 ആക്കിയിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത മുൻ സെക്രട്ടറി എം.സ്വരാജ് വ്യക്തമാക്കി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ എസ്.കെ.സജീഷ്, പുതിയ പ്രസിഡന്റ് എസ്.സതീശ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പി.കെ.ശശിക്കെതിരെ സിപിഎം നേതൃത്വത്തിന് ഡിവൈഎഫ്ഐ വനിതാ നേതാവ് പരാതി നൽകിയെങ്കിലും അത് സമ്മേളനത്തിലെ ചർച്ചയിൽ പങ്കെടുത്ത 46 പേരിൽ ഒരാൾ പോലും ഉന്നയിച്ചിരുന്നില്ല. സർക്കാരിനും പാർട്ടിക്കുമെതിരെ വിമർശനങ്ങൾ ഉയർത്തരുതെന്ന് സംസ്ഥാന നേതൃത്വം നൽകിയ കർശന നിർദ്ദേശത്തെത്തുടർന്നാണ് പ്രതിനിധികൾ ഈ വിഷയത്തിൽ മൗനം പാലിച്ചത്.